ആടുജീവിതം എന്ന സിനിമ സൗദി അറേബ്യയെയും മുഴുവൻ സൗദിക്കാരെയും അപമാനിച്ചുവെന്ന തരത്തിലുള്ള വിദ്വേഷ പ്രചരണങ്ങൾക്കെതിരെ സംവിധായകൻ ബ്ലെസി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സംവിധായകൻ രംഗത്തെത്തിയത്. ഒരു രാജ്യത്തിന്റെ വികാരത്തെയും വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും തെറ്റായ പ്രചരണങ്ങൾ നടത്തരുതെന്നും സംവിധായകൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
താൻ ഒരിക്കലും ഒരു വ്യക്തിയുടെയോ ജനങ്ങളുടെയോ രാജ്യത്തിന്റെയോ വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. സിനിമയെ കലയായും വിനോദമായും മാത്രം കാണുക. ക്രൂരനായ കഫീലിനെ മാത്രമല്ല, മരുഭൂമിയിൽ നിന്ന് നജീബിനെ രക്ഷപ്പെടുത്തുന്ന വ്യക്തിയിലൂടെ സൗദിയിലെ മനുഷ്യത്വമുള്ള പൗരന്മാരെയും ചിത്രീകരിക്കാൻ താൻ ശ്രമിച്ചു. ഇസ്ലാം വിശ്വാസത്തെയും ചിത്രത്തിൽ താൻ ശ്രദ്ധാപൂർവ്വം ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് ബ്ലെസി ഫെയ്സ്ബുക്കിൽ കുറിച്ചു.
സിനിമയുടെ അവസാന സീനിൽ നജീബിനെ കണ്ട് വാഹനം നിർത്തിയ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ നജീബ് റോഡിൽ മരിച്ചുവീഴുമായിരുന്നു. നജീബിനെ അദ്ദേഹം വാഹനത്തിൽ കയറ്റുകയും വെള്ളം നൽകുകയും ചെകകരഹബ യ്തു. ഇത് അറബ് ജനതയുടെ സ്നേഹത്തെയും സഹാനുഭൂതിയെയും വ്യക്തമാക്കുന്നു. പിന്നീട് കാണിച്ച റെസ്റ്റോറന്റ് ജീവനക്കാരിലൂടെയും ജയിലിലുണ്ടായ ആളുകളിലൂടെയും ദയ, സ്നേഹം എന്നിവ പ്രകടമാക്കുകയും ചെയ്തു. ഈ സിനിമയെ ചൊല്ലി വിദ്വേഷ പ്രചരണങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഈ പോസ്റ്റ് പങ്കുവക്കുന്നതെന്നും ബ്ലെസി കുറിപ്പിൽ പറഞ്ഞു.
ആടുജീവിതത്തിൽ ക്രൂരനായ കഫീലായി അഭിനയിച്ചതിന് നടൻ തലിബ് അൽ ബലൂഷിക്കിനെതിരെ സൗദിയിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ആ വിഷയത്തിലും ബ്ലെസി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.















