തിരുവനന്തപുരം: 2014 ന് മുൻപുള്ള ദുർബല അഞ്ചിൽ നിന്നും പത്ത് വർഷങ്ങൾക്കിപ്പുറം സുശക്തമായ അഞ്ചിലേക്ക് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മുന്നേറിയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇപ്പോൾ ഇന്ത്യയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്തുനടന്ന ഒരു മാദ്ധ്യമ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അഭൂതപൂർവമായ മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു. 2014 ന് മുൻപ് ദുർബലമായ അഞ്ച് സമ്പദ് വ്യവസ്ഥകളിൽ ഒന്നായിരുന്നു ഇന്ത്യ. എന്നാൽ ഇന്ന് ലോകമെമ്പാടും അംഗീകരിക്കുന്ന സുശക്തമായ അഞ്ചിലേക്ക് ഇന്ത്യ എത്തിയിരിക്കുന്നു. രാജ്യത്തിന്റേത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി മാറി,” അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുന്നതിന് കേന്ദ്രം കൈക്കൊണ്ട നടപടികൾ അദ്ദേഹം ചൂണ്ടിക്കാട്ടി. പാരിസ്ഥിതിക അനുമതി ലഭിക്കാനുള്ള നടപടികൾ മുൻപ് 600 ദിവസത്തോളമെടുത്തിരുന്നത് ഇപ്പോൾ 75 ദിവസത്തിൽ താഴെയായി കുറഞ്ഞു. ബിസിനസ് തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടി ക്രമങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിന് 40,000 ലധികം നിബന്ധനകൾ ഒഴിവാക്കുകയോ ലളിതമാക്കുകയോ ചെയ്തിട്ടുണ്ട്. 5G ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യ പല യൂറോപ്യൻ രാജ്യങ്ങളെയും പിന്നിലാക്കിയെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമ്മതാക്കളാണ് ഇന്ത്യ. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ രാജ്യത്ത് മൊബൈൽ ഫോൺ നിർമ്മാണം 5 മടങ്ങ് വർധിച്ചു. രാജ്യത്തെ രണ്ട് ലക്ഷത്തോളം ഗ്രാമപഞ്ചായത്തുകളെ ഒപ്റ്റിക്കൽ ഫൈബറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോള റാങ്കിംഗിൽ നിലവിൽ രാജ്യം അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ്. 2027 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.