തിരുവനന്തപുരം: ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെ എട്ട് സിപിഎം പ്രവർത്തകർക്ക് അഞ്ച് വർഷം തടവ്. കണ്ണൂർ അഡിഷണൽ സെഷൻസ് കോടതിയാണ് പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ചത്.
2017 നവംബർ 19 നാണ് സിപിഎം പ്രവർത്തകർ ബിജെപി പ്രവർത്തകരെ ആക്രമിച്ചത്. കണ്ണൂർ അഴിക്കോട് വെള്ളക്കൽ ഭാഗത്തുവച്ചായിരുന്നു സംഭവം. നിഖിൽ, നിതിൻ എന്നീ ബിജെപി പ്രവർത്തകർക്ക് നേരെയാണ് വധശ്രമമുണ്ടായത്. വധിക്കണമെന്ന ലക്ഷ്യത്തോടെ ഇവരെ ഇരുമ്പുവടികൊണ്ടും വാളുകൊണ്ടും ആക്രമിക്കുകയായിരുന്നു.
പ്രതികൾക്ക് 5 വർഷം തടവ് ശിക്ഷ കൂടാതെ 25000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്. അർജുൻ ആയങ്കിയെ കൂടാതെ സജിത്ത്, ജോബ് ജോൺസൺ, സുജിത്ത്, ലജിത്ത്, സുമിത്ത്, കെ ശരത്ത്, സി സായൂജ് എന്നീ സിപിഎം പ്രവർത്തകർക്കാണ് അഡിഷണൽ സെഷൻസ് കോടതി ജഡ്ജി രഘുനാഥ് ശിക്ഷ വിധിച്ചത്.















