കൊച്ചി: സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജിവച്ചെന്നുള്ള വാർത്ത വിചിത്രമെന്ന് സംഘടന. വാർഷിക വരിസംഖ്യയായ 500 രൂപ കഴിഞ്ഞ 8 വർഷമായി അടയ്‌ക്കാത്ത ആഷിഖ് അബു സാങ്കേതികമായി സംഘടനയിൽ നിന്ന് പുറത്താണെന്നും ഇതൊഴിവാക്കാൻ ആഷിഖ് അബു കുടിശിക തുക പിഴയും ചേർത്ത് 5000 രൂപ, ഡയറക്റ്റേഴ്സ് യൂണിയനിൽ 12.08.2024 ന് അടച്ചിട്ടുണ്ട്. അംഗത്വം പുതുക്കുന്നതിന് അപേക്ഷിച്ചതിന് ശേഷം ഇപ്പോൾ രാജി വാർത്ത പ്രഖ്യാപിക്കുന്നത് വിചിത്രമായി തോന്നുന്നുവെന്നും സംഘടന പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ആഷിഖിന്റെ അംഗത്വം പുതുക്കില്ലെന്നും അടച്ച പണം തിരികെ നൽകുമെന്നും സംഘടന വ്യക്തമാക്കി. ഇന്ന് രാവിലെയാണ് ഫെഫ്കയിൽ നിന്ന് രാജിവച്ചതായി ആഷിഖ് അബു പ്രഖ്യാപിക്കുന്നത്.
“ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ വാർഷിക വരിസംഖ്യയായ 500 രൂപ കഴിഞ്ഞ 8 വർഷമായി ആഷിഖ് അബു അടച്ചിട്ടില്ല. 2024 ലെ നിയമാവലി ഭേദഗതി പ്രകാരം 6 വർഷത്തിൽ കൂടുതൽ വരിസംഖ്യ കുടിശ്ശികയുള്ളവർ അംഗത്വം പുതുക്കാനാവാത്ത വിധം സംഘടനയിൽ നിന്ന് പുറത്താകും . അത്തരം വ്യക്തികൾക്ക് കുടിശിക അടക്കാൻ ഒരവസരം കൂടി നൽകണമെന്ന ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയന്റെ സമീപനമറിഞ്ഞ ശ്രീ.ആഷിഖ് അബു കുടിശിക തുക പിഴയും ചേർത്ത് 5000 രൂപ, ഡയറക്റ്റേഴ്സ് യൂണിയനിൽ 12.08.2024 ന് അടച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ അംഗത്വം പുതുക്കൽ, യൂണിയന്റെ അടുത്ത എക്സിക്യുട്ടീവ് കമ്മിറ്റി ചർച്ച ചെയ്യാനിരിക്കെയാണ്, ഇന്ന്, ശ്രീ.ആഷിഖ് അബുവിന്റെ രാജിവാർത്ത മാധ്യമങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. ദീർഘകാലം സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും സംഘടനയിൽ നിന്നും വിട്ടുനിന്നൊരാൾ 12-8-24 ന് അംഗത്വം പുതുക്കുന്നതിന് അപേക്ഷിച്ചതിന് ശേഷം ഇപ്പോൾ രാജി വാർത്ത പ്രഖ്യാപിക്കുന്നത് വിചിത്രമായി തോന്നുന്നു . തുടർന്ന് ആഷിഖ് അബുവിന്റെ അംഗത്വം പുതുക്കേണ്ടതില്ലെന്നും, അദ്ദേഹം ഫെഫ്കയിലടച്ച തുക, തിരികെ അയച്ചു കൊടുക്കുവാനും ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ തീരുമാനിച്ചിരിക്കുന്നു”.