യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് വിമാനടിക്കറ്റിൽ ഇളവ് പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് വിമാനക്കമ്പനികളുമായി ചർച്ച ചെയ്തന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു.നാട്ടിലേക്കുള്ള മടക്കയാത്രയ്‌ക്ക് ടിക്കറ്റെടുക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കാണ് പരിഗണന.
ഞായറാഴ്ചയാണ് യുഎഇ പ്രഖ്യാപിച്ച രണ്ടുമാസത്തെ പൊതുമാപ്പ് കാലാവധി ആരംഭിക്കുന്നത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടുന്നവർക്കാണ് വിമാനടിക്കറ്റ് നിരക്കിൽ ഇളവ് നൽകുന്നതെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച് എമിറേറ്റ്സ്, എത്തിഹാദ്, എയർ അറേബ്യ തുടങ്ങിയ വിമാനക്കമ്പനികളുമായി ചർച്ച നടത്തിയിട്ടുണ്ട് ജി.ഡി.ആർ.എഫ്.എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബെയ്ദ് മുഹയർ അറിയിച്ചു.
വിമാനക്കമ്പനികൾ അനുകൂലമായാണ് പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമലംഘകർ എത്രയും വേഗം നടപടി പൂർത്തിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പൊതുമാപ്പ് അവസാനിച്ചാൽ നവംബർ ഒന്നുമുതൽ നിയമലംഘകർക്കായി പരിശോധന ശക്തമാക്കും. പിടിക്കപ്പെട്ടാൽ തടവും പിഴയും നാടുകടത്തലുമാകും ശിക്ഷ.
രേഖകളിൽ ബയോമെട്രിക്ക് ഫിങ്കർപ്രിന്റിങ് ഉള്ളവർക്ക് ഓൺലൈനിൽ ഡിപാർച്ചർ പെർമിറ്റിനായി അപേക്ഷിച്ചാൽ എക്സിറ്റ് പെർമിറ്റ് നേരിട്ട് അനുവദിക്കും. ബയോമെട്രിക്ക് പ്രിന്റിങ് ഇല്ലെങ്കിൽ സേവനകേന്ദ്രങ്ങളിൽ നേരിട്ടെത്തി വേണം പെർമിറ്റിനായി അപേക്ഷിക്കാൻ. പതിനഞ്ച് വയസിനും മുകളിലുള്ളവർക്കും മാത്രമാണ് ഇത് ബാധകം.
അബുദാബിയിലെ അൽ ദഫ്ര, സുവൈഹാൻ, അൽ മഖം, അൽ ഷഹാന എന്നിവിടങ്ങളിലെ ഐസിപി കേന്ദ്രങ്ങളിലും ദുബായിലെ അൽ അവീറിലെ സെന്ററിലും ബയോമെട്രിക്ക് ഫിങ്കർ പ്രിന്റിങ്ങിന് സൗകര്യമുണ്ട്. മറ്റ് എമിറേറ്റുകളിൽ ഉള്ളവർ അതാത് ഐസിപി സെന്റുകളെ സമീപിക്കണം. രാജ്യം വിടുന്നവർക്ക് നൽകുന്ന എക്സിറ്റ് പാസിന് 14 ദിവസത്തെ കാലാവധി ഉണ്ടാകും













