റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വീണ്ടും വിവാദങ്ങളിലും വാർത്തകളിലും നിറയുകയാണ് കങ്കണ റാവത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘എമർജെൻസി’. ഇപ്പോഴിതാ ചിത്രത്തിൽ അഭിനേതാവായ മലയാളി നടൻ വിശാഖ് നായർക്ക് സമൂഹ മാദ്ധ്യമങ്ങലൂടെ വധഭീഷണി ലഭിച്ചിരിക്കുകയാണ്. വൈശാഖിന്റെ കഥാപാത്രത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പമാണ് വധഭീഷണികൾക്ക് പിന്നിൽ. താരം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വധഭീഷണികൾ ലഭിച്ചുവെന്ന് അറിയിച്ചത്.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാക്കി ഇറങ്ങുന്ന സിനിമയാണ് എമർജെൻസി. ചിത്രത്തിൽ സഞ്ജയ് ഗാന്ധിയുടെ കഥാപാത്രമാണ് വിശാഖ് അവതരിപ്പിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ ട്രെയിലറുകൾ കണ്ട പലരും താൻ ജെര്‍ണല്‍ സിംഗ് ഭിന്ദ്രന്‍ വാലയുടെ വേഷമാണ് ചെയ്യുന്നതെന്നാണ് വിശ്വസിച്ചിരിക്കുന്നതെന്ന് വിശാഖ് പറഞ്ഞു. “എമർജെൻസി”യിൽ ജെര്‍ണല്‍ സിംഗ് ഭിന്ദ്രന്‍ വാലയുടെ വേഷം ഞാൻ അവതരിപ്പിച്ചുവെന്ന് തെറ്റായി വിശ്വസിക്കുന്ന ചിലരിൽ നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് വധഭീഷണിയും അശ്ലീല സന്ദേശങ്ങളും പരാമർശങ്ങളും ലഭിക്കുന്നുണ്ട്” വിശാഖ് തന്റെ പോസ്റ്റിൽ കുറിച്ചു.
വിദ്വേഷവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിന് മുമ്പ് ഇവരോട് വസ്തുതകൾ പരിശോധിക്കാൻ താരം അഭ്യർത്ഥിക്കുകയും ചെയ്തു. അടുത്തിടെ, എമർജെൻസിയിൽ ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യുന്ന കങ്കണ, ചിത്രത്തിന്റെ സെൻസിറ്റീവ് പ്രമേയം കാരണം ചിത്രത്തിന് ഇതുവരെ സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയിരുന്നു.















