കൊച്ചി: ഇന്ത്യൻ സമുദ്ര മേഖലയിൽ കാർബൺ ബഹിർഗമനം ആഗോള നിരക്കിനെ അപേക്ഷിച്ച് 30 ശതമാനം കുറഞ്ഞെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠന റിപ്പോർട്ട്. കടലിൽ നിന്ന് ഒരു കിലോഗ്രാം മത്സ്യബന്ധന പ്രക്രിയയിൽ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ തോത് വിലയിരുത്തിയാണ് കാർബൺ ഫുട്പ്രിൻ്റ് കണക്കാക്കുന്നത്. മത്സ്യബന്ധന യാത്രയുടെ തുടക്കം മുതൽ മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നത് വരെയുള്ള പ്രക്രിയയിൽ പുറന്തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡാണ് രേഖപ്പെടുത്തിയത്.
സമുദ്രത്തിൽ നിന്ന് ഒരു കിലോഗ്രാം മത്സ്യം പിടികൂടുന്നതിനിടെ 2.2 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നുവെന്നാണ് ആഗോളതലത്തിലെ കണക്ക്. എന്നാൽ മോട്ടറൈഡ്സ്, പരമ്പരാഗത മേഖലകൾ ഉൾപ്പെടുന്ന ഇന്ത്യയുടെ മത്സ്യബന്ധന മേഖലയിൽ ശരാശരി കാർബൺ ബഹിർഗമനം 1.52 കിലോഗ്രാം മാത്രമാണ്. അതായത്, ആഗോള നിലവാരത്തിലും 30 ശതമാനത്തിന്റെ കുറവ്.
2012-22 കാലയളവിലാണ് പഠനം നടത്തിയത്. പഠനം ആരംഭിച്ചപ്പോൾ ഇന്ത്യൻ ട്രോളറുകൾ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് ആഗോള നിരക്കിലും 16.3 ശതമാനം കുറവാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ആഗോള തലത്തിൽ കാർബൺ ബഹിർഗമനം കൂടിയതോടെ ഇന്ത്യയിൽ ആഗോള ശരാശരിയെക്കാൾ 17.7 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇന്ത്യൻ സമുദ്ര മേഖല കൂടുതൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാണെന്ന് തെളിക്കുകയാണ് പുതിയ പഠനം.
ഗുജറാത്തിലും മഹാരാഷ്‌ട്രയിലുമാണ് കാർബൺ ബഹിർഗമനം ഏറ്റവും കുറവുള്ളത്. ഡോൾ നെറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിലാണ് കുറവ് കാർബൺ ഫുട്പ്രിൻ്റ് രേഖപ്പെടുത്തുന്നത്. ഗുജറാത്തിൽ 0.34 കിലോഗ്രാം, മഹാരാഷ്‌ട്രയിൽ 0.39 കിലോഗ്രാം എന്നിങ്ങനെയാണ് കണക്ക്. കേരളത്തിൽ ഇത് 0.93 കിലോഗ്രാമാണ്.