കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തെക്കുറിച്ച് വ്യാജ ഫോട്ടോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നതായി പരാതി. യൂട്യൂബ് ചാനലിനും ഫേസ്ബുക് പേജിനുമെതിരെ കേസെടുത്തു. ‘മലയാളി ലൈഫ്’ യൂട്യൂബ് ചാനൽ, ‘നമ്മുടെ ന്യൂസ്’ ഫേസ്ബുക് പേജ് എന്നിവയ്‌ക്കെതിരെയാണ് കേസ്.
അർജുന്റെ ഭാര്യ കൃഷ്ണപ്രിയ നൽകിയ പരാതിയിൽ ചേവായൂർ പൊലീസാണ് കേസെടുത്തത്. അർജുന്റെ മകന്റെ പിറന്നാൾ വീട്ടിൽ ആഘോഷിച്ചുവെന്ന തരത്തിലാണ് ഫോട്ടോയും വാർത്തയും പ്രചരിപ്പിച്ചത്. വീഡിയോയ്‌ക്ക് പിന്നാലെ അനുജത്തി തന്നെ വീഡിയോയുടെ സത്യാവസ്ഥ പറഞ്ഞുകൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം തന്റെ പിറന്നാൾ ആഘോഷിച്ചതിന്റെ വീഡിയോ ആണതെന്നും അനാവശ്യ പ്രചരണം നടത്തരുതെന്നും അനിയത്തി അഭ്യർത്ഥിച്ചു.















