ഇ-വാഹന ചാർജിംഗ് സ്രോതസുകളിലെ അന്യായ നിരക്കിന് തടയിടാൻ കേന്ദ്രം. നിരക്കും സർവീസ് ചാർജും ഏകീകരിക്കാനുള്ള മാർഗനിർദേശങ്ങളുടെ കരട് കേന്ദ്ര ഊർജ്ജ മന്ത്രാലയം പുറത്തിറക്കി. 2026 മാർച്ച് 31 വരെയുള്ള നിരക്കുകളാണ് ഇപ്പോൾ കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. ഇത് ചാർജിംഗ് സ്റ്റേഷനുകൾക്ക് മാത്രമാണ് ബാധകം.
രാവിലെ ഒൻപത് മുതൽ നാല് വരെ കുറഞ്ഞ നിരക്കും സർവീസ് ചാർജുമാണ് നിർദേശിക്കുന്നത്. രാത്രിയിൽ രണ്ടും കൂടും. ഇപ്പോൾ ചാർജിംഗ് സ്റ്റേഷനുകളിൽ നിരക്കിനും സർവീസ് ചാർജിനും പരിധിയില്ല. രാത്രിയിലും പകലും തുകയിൽ വ്യത്യാസമില്ല. വൈകുന്നേരം നാലിന് ശേഷം രാവിലെ ഒൻപത് വരെ 30 ശതമാനം വരെ ഈടാക്കാമെന്നാണ് കേന്ദ്ര നിർദേശം. പകൽ യൂണിറ്റിന് 11.94 രൂപയും നാലിന് ശേഷം 14.05 രൂപയുമാണ് പരമാവധി ഈടാക്കാവുന്ന സർവീസ് ചാർജ്. സ്ലോ, ഫാസ്റ്റ് ചാർജിംഗിന് വ്യത്യസ്തമായിരിക്കും നിരക്ക്.
സംസ്ഥാനത്ത് കെഎസ്ഇബിയിൽ നിന്ന് ചാർജിംഗ് സ്റ്റേഷനുകൾക്ക് നൽകുന്ന നിരക്ക് റെഗുലേറ്ററി കമ്മീഷൻ യൂണിറ്റിന് 5.50 ആയി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ചാർജിംഗ് സ്റ്റേഷനുകൾ തോന്നുന്ന സർവീസ് ചാർജും ചേർത്ത് വാഹന ഉടമകളിൽ നിന്ന് ഈടാക്കുന്നത് വ്യത്യസ്ത നിരക്കാണ്. നിലവിൽ യൂണിറ്റിന് 18 രൂപ മുതൽ 30 രൂപ വരെയാണ് കേരളത്തിൽ ഈടാക്കുന്നത്. കേരളത്തിലെ ഇപ്പോഴത്തെ ശരാശരി വൈദ്യുതി വിതരണ ചെലവ് കണക്കിലെടുത്താൽ ഇത് 10 രൂപ മുതൽ 27 രൂപ വരെയായി കുറയ്ക്കാൻ കേന്ദ്ര നിർദേശം ഇടയാക്കും. സർവീസ് ചാർജിന്റെ പരിധിയാണ് കേന്ദ്രം നിശ്ചയിക്കുക. പരിധിക്കുള്ളൽ എത്രവേണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം.