തിരുവനന്തപുരം: യുവാവിന്റെ നഗ്നചിത്രങ്ങൾ സംവിധായകൻ രഞ്ജിത്ത് തനിക്ക് അയച്ചുവെന്ന ആരോപണം നടി രേവതി നിഷേധിച്ചു. ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന് നൽകിയ പ്രതികരണത്തിലാണ് രേവതി നിലപാട് വ്യക്തമാക്കിയത്.
‘രഞ്ജിത്തിനെയും എന്നെയും കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എനിക്കറിയാം. ഇപ്പോൾ ആരോപിക്കപ്പെടുന്ന ഫോട്ടോകൾ എനിക്ക് ലഭിച്ചിട്ടില്ല, അതിനാൽ ഇതിനെക്കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ല’ എന്നായിരുന്നു രേവതിയുടെ മറുപടി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന ആരോപണവുമായി ഒരു യുവാവ് രംഗത്ത് വരികയായിരുന്നു.നഗ്ന ചിത്രം പകർത്തി ആർക്കോ അയച്ചുകൊടുത്തെന്നും ഇയാള്‍ ആരോപിച്ചിരുന്നു.രേവതിക്കാണ് താൻ ചിത്രം അയച്ചതെന്നും അവർക്ക് ഇത് ഇഷടപ്പെടുമെന്നും രഞ്ജിത്ത് പറഞ്ഞതായും യുവാവ് ആരോപിച്ചിരുന്നു.
2012-ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്മാരെ കാണാൻ പോയപ്പോൾ ഹോട്ടൽ മുറിയിൽവെച്ച് തന്നെ രഞ്ജിത്ത് പീഡിപ്പിച്ചെന്നും ചിത്രങ്ങള്‍ രേവതിക്ക് അയച്ചെന്നുമായിരുന്നു യുവാവിന്‍റെ പരാതി.
ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു, കെെയിലുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറും. യുവാവ് അറിയിച്ചു. കേസ് പിൻവലിക്കാൻ തനിക്ക് മേൽ സമ്മർദവും ഭീഷണിയും ഉണ്ട്. പലരും സ്വാധീനിക്കാൻ ശ്രമിക്കുന്നു. കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ഉണ്ടെന്നും യുവാവ് പറഞ്ഞിരുന്നു.