ഇസ്ലാമാബാദ് ; പാകിസ്താനിലെ മതമൗലികവാദികൾക്കെതിരെ രൂക്ഷ വിമർശനവുമായി കൗൺസിൽ ഓഫ് ഇസ്ലാമിക് ഐഡിയോളജിയുടെ (സിഐഐ) പ്രസിഡൻ്റ് ഡോ. റാഗിബ് ഹുസൈൻ നഈമി . ഖുറാനെ അവഹേളിച്ചാൽ വധശിക്ഷ നൽകാൻ ഒരു നിയമവും വ്യവസ്ഥ ചെയ്യുന്നില്ലെന്നും മതവിഭാഗങ്ങൾ ആൾക്കൂട്ടക്കൊലപാതകമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് അനിസ്ലാമികം മാത്രമല്ല പാകിസ്താന്റെ നിയമത്തിന് വിരുദ്ധവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഖുറാനെ അവഹേളിച്ചാൽ ജീവപര്യന്തം തടവാണ് ശിക്ഷ. നബിയുടെ കുടുംബാംഗങ്ങളെയും അനുചരന്മാരെയും അപമാനിക്കുന്നതിനുള്ള ശിക്ഷ ഏഴുവർഷത്തെ തടവാണ്. ഖാദിയാനിയത്ത് നിരോധന ഓർഡിനൻസ് ലംഘിച്ചതിന് മൂന്ന് വർഷമാണ് ശിക്ഷ. പ്രവാചകനെ നിന്ദിച്ചതിന് കുറ്റക്കാരനാണെന്ന് തെളിയുന്ന വ്യക്തിക്ക് മാത്രമേ വധശിക്ഷ നൽകാൻ നിയമം വിഭാവനം ചെയ്യുന്നുള്ളൂ. എന്നാൽ ഈ തെറ്റുകൾക്കെല്ലാം വധശിക്ഷ നൽകണമെന്നാണ് ചിലർ പറയുന്നത് . ഇത്തരക്കാർ നിയമം കൈയിലെടുക്കുന്നു.‘ – അദ്ദേഹം ചൂണ്ടിക്കാട്ടി.
.മതനിന്ദ ആരോപിച്ച് ഒരാളെ കൊല്ലാൻ ഫത്വ പുറപ്പെടുവിക്കാൻ ആർക്കും അവകാശമില്ല . മതസംഘടനകൾ തങ്ങളുടെ ഇഷ്ടത്തിനും അനിഷ്ടത്തിനും യോജിച്ച രീതിയിൽ ഇസ്ലാമിക നിയമങ്ങൾ കൈകാര്യം ചെയ്യുകയാണ്. മതഗ്രൂപ്പുകളുടെ മിതവാദി നേതാക്കൾ മതമൗലികവാദികളെ ഭയപ്പെടുകയാണ്. കൊല്ലാൻ ഫത്വ പുറപ്പെടുവിക്കുന്നതോ നിയമം കൈയിലെടുക്കുന്നതോ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും ശരീഅത്തിന്റെ തത്വങ്ങൾക്ക് വിരുദ്ധവുമാണ്. ഒരാളുടെ ജീവനെടുക്കാനുള്ള അവകാശം ശരീഅത്ത് നൽകുന്നില്ലെന്നും ഡോ. റാഗിബ് ഹുസൈൻ നഈമി പറഞ്ഞു.