സംവിധായകൻ ആഷിക് അബുവിനെതിരെ തുറന്നടിച്ച് ബി ഉണ്ണികൃഷ്ണൻ. ഫെഫ്കയിൽ നിന്നും ആഷിക് അബു രാജിവച്ചതിൽ പ്രതികരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ. സിബി മലയിലിനോട് വളരെ മോശമായി പെരുമാറിയ ആളാണ്, വീണുകിട്ടിയ സന്ദർഭം മുതലെടുക്കാൻ ശ്രമിക്കുകയാണ് ആഷിക് അബുവെന്നും ബി. ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
“ആഷിക് അബുവിനെ വിളിച്ച് പൈസ അടയ്‌ക്കണം എന്ന് പറയുന്നത് സിബി സർ ആണ്. എന്നാൽ വളരെ മോശമായാണ് സിബി സാറിനോട് ആഷിക് അബു പ്രതികരിച്ചത്. നിങ്ങൾ ഗുണ്ടാ പിരിവ് നടത്തുകയാണോ എന്നാണ് സിബി സാറിനെ പോലെ ഒരാളോട് ആഷിക് അബു ചോദിച്ചത്. അവസാനം ഡയറക്ടേഴ്സ് യൂണിയൻ കമ്മിറ്റി ആ പൈസ തിരിച്ച് അയച്ചുകൊടുത്തു. ചികിത്സാ സഹായങ്ങൾ അടക്കമുള്ള കാര്യങ്ങൾക്കായിരുന്നു പണം പിരിച്ചത്. അത് കത്തിലൂടെ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.
“2018-ൽ ആഷിക് ഉന്നയിച്ച പച്ചക്കള്ളം 2024ലും ആവർത്തിക്കുകയാണ്. ഇതൊരു സന്ദർഭമാക്കി എടുത്തിരിക്കുകയാണ് ആഷിക് അബു. യൂണിയന്റെ ഭാഗമായി പ്രവർത്തിക്കാത്ത ആഷിക് അബു രാജിവെക്കുന്നത് ഒരു തമാശയായാണ് എനിക്ക് തോന്നുന്നത്”-ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.