ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്തമാസം ആദ്യം അമേരിക്ക സന്ദർശിച്ചേക്കും. സെപ്റ്റംബർ 8 മുതൽ 10 വരെയാണ് സന്ദർശനം. കോൺഗ്രസ് ഓവർസീസ് ചെയർമാൻ സാം പിത്രോദയാണ് ഇക്കാര്യം അറിയിച്ചത്. സപ്തംബർ 8 ന് ഡാലസിലും 9, 10 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിലും രാഹുൽ എത്തുമെന്ന് പിത്രോദ പറഞ്ഞു.
യുഎസിലെ ഇന്ത്യൻ സമൂഹം, നയതന്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, വ്യവസായികൾ, നേതാക്കൾ, അന്താരാഷ്‌ട്ര മാധ്യമങ്ങൾ തുടങ്ങി നിരവധി ആളുകളുടെ അഭ്യർത്ഥന പ്രകാരമാണ് രാഹുൽ യുഎസിൽ രാഹുൽ എത്തുന്നതെന്നാണ് പിത്രോദയുടെ അവകാശവാദം. രാഹുലുമായി ആശയവിനിമയം നടത്താനാണ് ഇവർ എത്തുന്നതെന്നും സാം പിത്രോദ പറയുന്നു.
“ഡാലസിൽ ടെക്സസ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുമായും അക്കാദമിക് വിദഗ്ധരുമായും ഇന്ത്യൻ സമൂഹവുമായും രാഹുൽ ആശയവിനിമയം നടത്തും. സാങ്കേതിക വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തും. ഡാലസ് ഏരിയയിൽ നിന്നുള്ള നേതാക്കളുമൊന്നിച്ചാകും അത്താഴം. അടുത്ത ദിവസം വാഷിംഗ്ടൺ ഡിസിയിലേക്ക് പോകും. അവിടെയും വിദഗ്ധരുമായി ആശയവിനിമയം നടത്താനാണ് പദ്ധതി,” രാഹുലിന്റെ യുഎസിലെ യാത്രകളുടെ കാര്യക്രമങ്ങൾ വിശദമാക്കികൊണ്ട് സാം പിത്രോദ പറഞ്ഞു.
നേരത്തെ നടത്തിയ സമാനമായ യുഎസ് സന്ദർശനങ്ങളിലൊക്കെ ഇന്ത്യയെ രാഹുൽ വിമർശിച്ചത് വലിയ വിവാദങ്ങളായിരുന്നു. വിദേശത്ത് പോയി ഇന്ത്യയെ കുറ്റപ്പെടുത്തുന്ന നേതാവെന്ന വിമർശനവും ഇതോടെ രാഹുലിനെതിരെ ഉയർന്നു. ഇക്കുറിയും രാഹുലിന്റെ സന്ദർശനത്തിൽ എന്ത് വിവാദമാകും ഉണ്ടാകുകയെന്ന കാത്തിരിപ്പിലാണ് ഇന്ത്യയിലെ രാഷ്‌ട്രീയ വൃത്തങ്ങൾ.