റായ്പൂർ: വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസത്തിന് 15 കോടി അനുവദിച്ച് ഛത്തീസ്ഗഡിലെ ബിജെപി സർക്കാർ. മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വയനാടിന്റെ പുനരധിവാസത്തിനായി എൻഡിഎ ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നിന്നും 65 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്.
ധനസഹായം അനുവദിച്ചതിന് പിന്നാലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നന്ദി അറിയിച്ചു. കേരളത്തിന്റെ കണ്ണീരൊപ്പാൻ കൂടെ നിൽക്കുന്ന എല്ലാവർക്കും ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്ന് കെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇനിയും ബിജെപി ഭരിക്കുന്ന സർക്കാരുകൾ കേരളത്തിനായി മുന്നോട്ട് വരുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാടിന്റെ പുനരധിവാസത്തിനായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് 20 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും 10 കോടി വീതം ധനസഹായം അനുവദിച്ചു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ 10 കോടിയാണ് വയനാടിനായി അനുവദിച്ചത്.