തിരുവനന്തപുരം: പാർട്ടി തീരുമാനം എന്തായാലും അത് ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കൺവീനർ എന്ന നിലയിൽ എല്ലാ കക്ഷികളുടെയും അഭിപ്രായം കേൾക്കുമെന്നും പരിഗണന കുറവെന്ന പരാതി ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. എൽഡിഎഫ് കൺവീനറായി ചുമതലയേറ്റ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ താത്പര്യമനുസരിച്ചാണ് ഈ മാറ്റങ്ങളെന്നും അധികാരം ഉപയോഗിച്ച് ജനങ്ങളെ സഹായിക്കാനാണ് ലക്ഷ്യം വയ്‌ക്കുന്നതെന്നും ചുമതലയേൽക്കുന്നതിന് മുന്നോടിയായി ടി പി രാമകൃഷ്ണൻ പറഞ്ഞിരുന്നു. കേരളത്തിൽ മറ്റൊരു പാർട്ടിക്ക് അധികാരത്തിലെത്താൻ സാധിക്കുമെന്നൊന്നും ആരും വിചാരിക്കേണ്ട. തുടർഭരണം ഉറപ്പാണെന്നും പ്രശ്നങ്ങളെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞിരുന്നു.
ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് ടി പി രാമകൃഷ്ണന് ചുമതല നൽകിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിലൂടെ ഔദ്യോഗികമായി അറിയിച്ചത്.















