തിരുവനന്തപുരം: കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ചുള്ള ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്കാരം നടൻ മോഹൻലാൽ ഏറ്റുവാങ്ങി. നിശാഗന്ധിയിൽ നടന്ന ‘ശ്രീമോഹനം’ പരിപാടിയിൽ മോഹൻലാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരം സമ്മാനിച്ചത്.
മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ശേഷം ശ്രീകുമാരൻ തമ്പിയുടെ കാൽതൊട്ട് വണങ്ങിയാണ് മോഹൻലാൽ ആദരവ് പ്രകടിപ്പിച്ചത്. സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ഗോകുലം ഗോപാലൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
ഗുരുവായും ജേഷ്ഠനായും വഴികാട്ടിയ വ്യക്തിയാണ് ശ്രീകുമാരൻ തമ്പി. ചെറുപ്പത്തിൽ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ ആകാശവാണിയിൽ കേട്ട് പാടി വളർന്ന ഒരാളാണ് ഞാൻ. ഞങ്ങളുടെ കാലത്ത് പ്രണയഗാനങ്ങളുടെ ഉസ്താദ് എന്നാണ് തമ്പി സാർ അറിയപ്പെട്ടിരുന്നത്. എന്റെ സൗഭാഗ്യങ്ങളിൽ ഒന്നാണ് അദ്ദേഹം എഴുതിയ ഗാനങ്ങൾക്ക് ചുണ്ടനക്കാൻ കഴിഞ്ഞത്. എന്നെ ഞാനാക്കിയതിൽ പങ്കുവഹിച്ച പ്രതിഭയാണ് ശ്രീകുമാരൻ തമ്പി. നിർമ്മിച്ച, സംവിധാനം ചെയ്ത സിനിമകളിൽ തന്റെ ബോധ്യങ്ങളിൽ നിന്നും അണുവിട മാറി നടക്കാൻ തയ്യാറാകാത്ത വ്യക്തിയാണ്. ആർക്ക് മുന്നിലും മുട്ടുമടക്കാത്ത, തലപ്പൊക്കം പ്രകടിപ്പിക്കുന്ന വ്യക്തിത്വം. അതിനെ അഹങ്കാരമായി കണ്ടിട്ടുള്ള ആളുകൾ ഉണ്ടാവും. പക്ഷേ, ഞാൻ അതിനെ അദ്ദേഹത്തിന്റെ ആത്മവിശ്വാസം ആയിട്ടാണ് മനസ്സിലാക്കിയിട്ടുള്ളത്”-മോഹൻലാൽ പറഞ്ഞു.















