രജനികാന്തിന്റെ പുത്തൻ ചിത്രം കൂലിയുടെ പോസ്റ്റർ പങ്കുവച്ച് സംവിധായകൻ ലോകേഷ് കനകരാജ്. സത്യരാജിന്റെ ക്യാരക്ടർ പോസ്റ്ററാണ് സംവിധായകൻ എക്സിൽ പങ്കുവച്ചിരിക്കുന്നത്. രാജശേഖർ എന്ന കഥാപാത്രമായാണ് സത്യരാജ് ചിത്രത്തിലെത്തുന്നത്. ആകാംക്ഷയൊരുക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.
ശ്രുതി ഹാസൻ, നാഗാർജുന, സൗബിൻ ഷാഹിർ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തെത്തിയിരുന്നു. നിഗൂഢതയും സസ്പെൻസും നിറക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് എല്ലാ പോസ്റ്ററിലുമുണ്ടായിരുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന കൂലി 2025-ൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ- ഇന്ത്യൻ സിനിമകളിലൊന്നാണ് കൂലി. ബോളിവുഡ് നടൻ ആമിർ ഖാൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ നിർമാതാക്കളോ മറ്റ് അണിയറപ്രവർത്തകരോ വിവരം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ജൂലൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 30 വർഷങ്ങൾക്ക് ശേഷം രജനികാന്തും സത്യരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.















