എറണാകുളം: ചില സിനിമാ ലൊക്കേഷനുകളിലെ കാരവാനിൽ രഹസ്യ ക്യാമറ വച്ചിട്ടുണ്ടെന്ന കാരവാനിൽ രഹസ്യമായി ക്യാമറ വച്ചിട്ടുണ്ടെന്ന നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കാരവാൻ ഉടമകളുടെ യോഗം വിളിച്ച് ഫെഫ്ക. സെപ്റ്റംബർ ആറിന് രാവിലെ 11 മണിയ്‌ക്ക് കൊച്ചിയിൽ യോഗം ചേരാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഫെഫ്ക അറിയിച്ചു.
വീണ്ടും ഗുരുതര ആരോപണം ഉയർന്ന സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘം രാധികയുടെ മൊഴി രേഖപ്പെടുത്തും. നടിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് കേസെടുക്കാനുള്ള സാധ്യതകൾ പൊലീസ് പരിശോധിച്ചുവരികയാണ്.
മലയാള സിനിമയിൽ അഭിനയിക്കാൻ വന്നപ്പോൾ കാരവാനിൽ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്നാണ് രാധിക വെളിപ്പെടുത്തിയത്. ഈ ദൃശ്യങ്ങൾ ലൊക്കേഷനിലിരുന്ന് പുരുഷന്മാർ കണ്ടതിന് താൻ ദൃക്സാക്ഷിയാണെന്നും നടിമാരുടെ ചിത്രങ്ങളും വീഡിയോകളും മൊബൈലിൽ ഫോൾഡറുകളിലായി സൂക്ഷിക്കുന്നുണ്ടെന്നും രാധിക പറഞ്ഞു.
എന്നാൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത് ഏത് സിനിമയുടെ ലൊക്കേഷനിൽ വച്ചാണെന്ന് നടി വെളിപ്പെടുത്തിയിട്ടില്ല. ഇത് ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.















