മലയാള സിനിമാ മേഖലയിലെ നടന്മാരും സംവിധായകന്മാരും ഉൾപ്പെടെ 28 പേർ തന്നോട് മോശമായി പെരുമാറിയെന്ന് നടി ചാർമിള. അർജുനൻ പിള്ളയും അഞ്ച് മക്കളും എന്ന സിനിമയുടെ നിർമാതാവ് എം പി മോഹനനും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന് നടി വെളിപ്പെടുത്തി. സഹകരിക്കാത്തത് കൊണ്ട് പരിണയം എന്ന സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും ചാർമിള പറഞ്ഞു.
അർജുനൻ പിള്ളയും അഞ്ച് മക്കളും എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് മോശം അനുഭവമുണ്ടായത്. പൊള്ളാച്ചിയിൽ വച്ച് ചിത്രത്തിലെ ഗാനരംഗത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. ബിന്ദു പണിക്കർ, ഹരിശ്രീ അശോകൻ, ജഗദീഷ്, കൽപ്പന എന്നിവരൊക്കെ സെറ്റിൽ ഉണ്ടായിരുന്നു. ആരോടും പറയാൻ തോന്നിയില്ല. അവരാരും എന്റെ കൂടെ നിൽക്കില്ലെന്ന് ഉറപ്പായിരുന്നു. മലയാള സിനിമയിലെ 28 പേർ തന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. അത് ഞാൻ പുറത്തുപറയില്ല. പുതിയ നിർമാതാക്കളിൽ നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ട്.
പൂരം എന്ന സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ മോശം അനുഭവമുണ്ടായി. സംവിധായകൻ ഹരിഹരൻ താൻ സഹകരിക്കുമോയെന്ന് വിഷ്ണു എന്ന നടനോട് ചോദിച്ചു. എന്നോട് മാന്യമായാണ് ഹരിഹരൻ സംസാരിച്ചത്. പക്ഷേ സഹകരിക്കുമോ എന്ന് വിഷ്ണുവിനെ കൊണ്ട് ചോദിപ്പിച്ചു. ഇത് വേണ്ട വെറെ പടം നോക്കാമെന്ന് ഞാൻ പറഞ്ഞു. അഡ്ജസ്റ്റ്മെന്റ് ചെയ്യില്ലെന്ന് വ്യക്തമായി പറഞ്ഞതോടെ അവസരം നഷ്ടപ്പെട്ടുവെന്നും ചാർമിള വെളിപ്പെടുത്തി.















