ന്യൂഡൽഹി: അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ നിർമാണം പൂർത്തിയായി. സ്ലീപ്പർ കോച്ചിന്റെ ആദ്യ മാതൃക കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം പുറത്തിറക്കി. ബെംഗളൂരുവിലെ BEML റെയിൽവേ ട്രാൻസ്പോർട്ടേഷൻ കമ്പനിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി നേരിട്ടെത്തി വിലയിരുത്തി. ഉദ്യോഗസ്ഥരോടും ജീവനക്കാരോടും അദ്ദേഹം ഏറെ നേരം ആശയവിനിമയം നടത്തി.

BEML ൽ പുതിയ വന്ദേ ഭാരത് നിർമ്മാണ യൂണിറ്റിനും അശ്വിനി വൈഷ്ണവ് തറക്കലിട്ടു. ഇതാദ്യമായാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നത്. മന്ത്രി ഉദ്‌ഘാടനം ചെയ്ത പ്രോട്ടോടൈപ്പ് (പരിഷ്കരിക്കാത്ത ആദ്യ മാതൃക) സ്ലീപ്പർ കോച്ചിനുള്ളിലെ ദൃശ്യങ്ങൾ റെയിൽവേ പുറത്തുവിട്ടിരുന്നു. ഏകദേശം 16 കോച്ചുകൾ വരെ സ്ലീപ്പർ ട്രെയിനിനുണ്ടാകും. 800 കിലോമീറ്ററുകൾ മുതൽ 1,200 കിലോമീറ്ററുകൾ വരെ നീണ്ട രാത്രി യാത്രകൾക്ക് അനുയോജ്യമായ തരത്തിലാണ് സീറ്റുകളുടെ ക്രമീകരണം. വാതിലുകൾ ബട്ടൺ ഞെക്കിയാൽ തുറക്കും.

വലിയതോതിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള സജ്ജീകരണങ്ങൾ , വൈറസ് പ്രതിരോധ സംവിധാനങ്ങൾ എന്നിവയും കോച്ചുകളിൽ ഉണ്ട്. പ്രോട്ടോടൈപ്പ് സ്ലീപ്പർ കോച്ചിന്റെ പരിശോധനയും ടെസ്റ്റിങ്ങും പൂർത്തിയായ ശേഷമേ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം ആരംഭിക്കുകയുള്ളു. സർവീസ് ആരംഭിക്കുന്നതിന് പത്ത് ദിവസം മുൻപും ഓൺ ട്രാക്ക് ടെസ്റ്റിംഗിന് വിധേയമാക്കും. നിർമ്മാണം കാര്യക്ഷമമായി പുരോഗമിക്കുന്നതിനാൽ ഈ വർഷം ഡിസംബറോടെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ സർവീസ് ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
















