ന്യൂഡൽഹി: ഗിഗ്-പ്ലാറ്റ്ഫോം തൊഴിലാളികളുടെ ക്ഷേമത്തിനായി നിയമനിർമാണത്തിനൊരുങ്ങി കേന്ദ്രം. വിവിധ സാമൂഹ്യ-സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ e-Shram പോർട്ടൽ ഗിഗ്-പ്ലാറ്റ്ഫോം വർക്കർമാർക്ക് കൂടി തുറന്നുകൊടുക്കുമെന്ന് മന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. പോർട്ടലിൽ ഇതിനോടകം രജിസ്റ്റർ ചെയ്തവർക്ക് ലഭിക്കുന്ന സമാന ആനുകൂല്യങ്ങൾ ഗിഗ്-പ്ലാറ്റ്ഫോം വർക്കർമാർക്ക് കൂടി ലഭ്യമാക്കുകയാണ് ലക്ഷ്യം.
അസംഘടിത തൊഴിലാളികളുടെ കണക്ക് രേഖപ്പെടുത്താനായി തൊഴിൽമന്ത്രാലയം രൂപപ്പെടുത്തിയ പോർട്ടലാണ് e-Shram. ഇതുവഴി സൗജന്യ റേഷൻ, പൊതു ഇൻഷുറൻസ് ആനുകൂല്യങ്ങൾ, വാർഷിക യാത്രാ പേയ്മെന്റുകൾ എന്നിവ തൊഴിലാളികൾക്ക് ലഭ്യമാകും.
2023-24 സാമ്പത്തിക വർഷത്തെ സർവേ പ്രകാരം, 2029-39 ആകുമ്പോഴേക്കും രാജ്യത്തെ ഗിഗ് വർക്കർമാരുടെ എണ്ണം 23.5 ദശലക്ഷമായി ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ തൊഴിലാളികൾക്കായി സാമൂഹിക-സുരക്ഷാ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ നീക്കം. ഗിഗ്-പ്ലാറ്റ്ഫോം തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷയ്‌ക്കുള്ള അവകാശം ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.
സ്വിഗ്ഗി, സൊമാറ്റോ, ഫ്ലിപ്കാർട്ട്, ആമസോൺ ഡെലിവറി തൊഴിലാളികൾ, ഊബർ-ഒല ഡ്രൈവർമാർ, ഐടി മേഖലയിലെ സ്വതന്ത്ര സേവനദാതാക്കൾ എന്നിവരെല്ലാം ഗിഗ് തൊഴിലാളികളിൽ ഉൾപ്പെടുന്നവരാണ്. e-Shram പോർട്ടലിൽ ഗിഗ് തൊഴിലാളികളുടെ രജിസ്ട്രേഷൻ കൂടി വരുന്നതോടെ ഇവരുടെ പേരുവിവരങ്ങൾ കേന്ദ്രസർക്കാരിന് ലഭ്യമാകും. ഇതിന് പിന്നാലെ ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഒരുക്കുന്നതിനുള്ള നയങ്ങളും ചട്ടങ്ങളും രൂപവത്കരിക്കുമെന്നും കേന്ദ്ര തൊഴിൽ മന്ത്രാലയം അറിയിച്ചു.