കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് പോളിഗ്രാഫ് പരിശോധനയിലും അയാളുടെ നിരപരാധിത്വം തെളിയിച്ചുവെന്ന വാദവുമായി സഞ്ജയ്‌യുടെ അഭിഭാഷക കവിത സർക്കാർ. താൻ നിരപരാധിയാണെന്നും, കള്ളക്കേസിൽ കുടുക്കിയതാണെന്നുമാണ് സഞ്ജയ് അവകാശപ്പെടുന്നത്.
സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന സെമിനാർ ഹാളിന് സമീപത്ത് നിന്നും ഇയാളുടെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റും അന്വേഷണസംഘം കണ്ടെത്തിയരുന്നു. അറസ്റ്റിലായതിന് പിന്നാലെ സഞ്ജയ് കുറ്റസമ്മതം നടത്തിയിരുന്നുവെങ്കിലും താൻ നിരപരാധിയാണെന്ന വാദമാണ് ഇയാൾ ഇപ്പോൾ അന്വേഷണ സംഘത്തിന് മുന്നിൽ വയ്‌ക്കുന്നത്.
യുവതിയുടെ കൊലപാതകം ഉൾപ്പെടെ 10ഓളം ചോദ്യങ്ങളാണ് നുണപരിശോധനയിൽ അന്വേഷണസംഘം ഇയാളോട് ചോദിച്ചത്. ആശുപത്രിയിലെ സെമിനാർ ഹാളിൽ കയറുമ്പോൾ തന്നെ യുവതി അബോധാവസ്ഥയിലായിരുന്നുവെന്നാണ് പോളിഗ്രാഫ് പരിശോധനയിൽ സഞ്ജയ് അവകാശപ്പെട്ടത്. ഹാളിലേക്ക് കയറുമ്പോൾ തന്നെ രക്തത്തിൽ കുളിച്ച് കിടന്ന നിലയിലായിരുന്നു യുവതി. ഇത് കണ്ട് പരിഭ്രാന്തനായെന്നും ഉടനെ തന്നെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഇയാൾ അവകാശപ്പെടുന്നു.
കൊല്ലപ്പെട്ട യുവതിയെ തനിക്ക് അറിയില്ലെന്നും, തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നുമാണ് സഞ്ജയ് അവകാശപ്പെടുന്നത്. നിരപരാധിയാണെങ്കിൽ എന്തുകൊണ്ട് ആദ്യം അറസ്റ്റ് ചെയ്ത പൊലീസിനോട് ഇക്കാര്യം പറഞ്ഞില്ല എന്ന ചോദ്യത്തിന് തന്നെ ആരെങ്കിലും വിശ്വസിക്കുമോ എന്ന് ഭയന്നിരുന്നതായി സഞ്ജയ് പറയുന്നു. കുറ്റവാളി മറ്റാരെങ്കിലും ആകാനുള്ള സാധ്യതയാണ് ഉള്ളതെന്ന് കവിത സർക്കാർ ഒരു ദേശീയമാദ്ധ്യമത്തോട് പറഞ്ഞു. ” സഞ്ജയ് വളരെ എളുപ്പത്തിൽ ആ ഹാളിനുള്ളിലേക്ക് പ്രവേശിച്ചു എങ്കിൽ, അതിനർത്ഥം അവിടെ വലിയ സുരക്ഷാ വീഴ്‌ച്ച ഉണ്ടായി എന്നതാണ്. മറ്റാരോ ഈ സാഹചര്യത്തെ മുതലെടുത്തിട്ടുണ്ട്. സഞ്ജയ്‌ക്ക് മേൽ കുറ്റം ചാരി രക്ഷപ്പെടാനാണ് യഥാർത്ഥ കൊലയാളി ശ്രമിക്കുന്നതെന്നും” കവിത അവകാശപ്പെടുന്നു.