കൊൽക്കത്ത: സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുകയാണെന്ന് ആരോപിച്ച് മൂന്ന് ചാനലുകൾക്ക് ബഹിഷ്‌കരണം ഏർപ്പെടുത്താനുള്ള തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. തൃണമൂൽ കോൺഗ്രസ് എല്ലാക്കാലത്തും അഭിപ്രായ വ്യത്യാസങ്ങളെ അടിച്ചമർത്താൻ മാത്രമാണ് ശ്രമിച്ചിട്ടുള്ളതെന്നും, സത്യത്തെ അഭിമുഖീകരിക്കാൻ മമത ബാനർജിയുടെ പാർട്ടിക്ക് ഭയമാണെന്നും ബിജെപി വിമർശനം ഉന്നയിച്ചു.
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പിജി വിദ്യാർത്ഥിനിയായ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ മമത സർക്കാരിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. എന്നാൽ ചാനലുകൾ ബംഗാൾ വിരുദ്ധ പ്രചരണം നടത്തിയെന്നാരോപിച്ചാണ് സർക്കാർ ഇവ ബഹിഷ്‌കരിക്കാനുള്ള നിർദ്ദേശം പുറപ്പെടുവിച്ചത്. എബിപി ആനന്ദ, റിപ്പബ്ലിക്, ടിവി 9 എന്നീ ചാനലുകൾ ബഹിഷ്‌കരിക്കുമെന്നാണ് തൃണമൂൽ കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
” തൃണമൂൽ കോൺഗ്രസ് എല്ലായ്‌പ്പോഴും സ്വേച്ഛാധിപത്യപരമായ തീരുമാനങ്ങൾ മാത്രം സ്വീകരിക്കുന്നവരാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ മാത്രമാണ് ഇവർ ശ്രമിച്ചിട്ടുള്ളത്. ബംഗാളിലെ മൂന്ന് പ്രമുഖ ചാനലുകൾ ബഹിഷ്‌കരിക്കാനാണ് തൃണമൂൽ കോൺഗ്രസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മമത ബാനർജിക്കും അവരുടെ പാർ്ട്ടിക്കും സത്യങ്ങളെ നേരിടാൻ ഭയമാണ്. ഈ കഴിവില്ലായ്മയുടെ തുടർച്ചയായുണ്ടായ നിരാശയിൽ നിന്നാണ് ചാനലുകൾ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലേക്ക് അവർ എത്തിയതെന്നും” സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ബിജെപി പറയുന്നു.
ടെലിവിഷൻ ചാനലിൽ നടത്തിയ സംവാദത്തിനിടെ പാർട്ടി എംപി കാകോളി ഘോഷ് ദസ്തിദാർ നടത്തിയ ഒരു പരാമർശത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. താൻ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന സമയത്ത് ഡോക്ടർമാരുടെ മടിയിൽ ഇരുന്ന ശേഷം മാർക്ക് മേടിക്കുന്ന സമ്പ്രദായം വിദ്യാർത്ഥിനികൾക്കിടയിൽ ഉണ്ടായിരുന്നുവെന്നാണ് ദസ്തിദാർ ആരോപിച്ചത്. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പൂർവ്വ വിദ്യാർത്ഥിനി കൂടിയാണ് ഇവർ. ദസ്തിദാറിന്റെ പരാമർശത്തിനെതിരെ ഡോക്ടർമാർ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവരെ ഐഎംഎയിൽ നിന്ന് പുറത്താക്കണമെന്നും ഡോക്ടർമാർ ആവശ്യം ഉന്നയിച്ചിരുന്നു.