കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചു. കോഴിക്കോട് വേങ്ങേരി സർവീസ് സഹകരണ ബാങ്കില്‍ ജൂനിയർ ക്ലാർക്കായാണ് കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് ജോലിയിൽ പ്രവേശിച്ച ശേഷം കൃഷ്ണപ്രിയ വൈകാരികമായി പ്രതികരിച്ചു. അർജുനായി നടത്തുന്ന തെരച്ചിലിൽ കർണാടക സർക്കാരിനെ വിശ്വാസമുണ്ടെന്നും ഡ്രെഡ്ജർ എത്രയും പെട്ടന്ന് എത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. തങ്ങളെ സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും കൃഷ്ണപ്രിയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തെരച്ചിൽ പുനരാരംഭിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ചതായി കുടുംബം പറഞ്ഞു. ഡ്രെഡ്ജർ എത്തിക്കാനുള്ള മുഴുവൻ ചിലവും കർണാടക സർക്കാർ വഹിക്കും. ഗോവയിൽ നിന്നാണ് ഡ്രെഡ്ജർ എത്തിക്കുന്നത്. ജൂലായ് 16നാണ് ദക്ഷിണ കന്നഡയിലെ ഷിരൂരിൽ പനവേൽ – കന്യാകുമാരി ദേശീയപാതയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്. സമീപത്തെ ഗംഗാവലി പുഴ കേന്ദ്രീകരിച്ചാണ് വീണ്ടും തിരച്ചിൽ പുനരാരംഭിക്കുക.