പ്രവചനങ്ങൾ നടത്തി ജനങ്ങളെ വിസ്മയിപ്പിച്ച ലോകപ്രസിദ്ധയാണ് ബാബാ വാംഗ. അവർ ജീവിച്ചിരുന്നപ്പോൾ നടത്തിയ ഭൂരിഭാഗം പ്രവചനങ്ങളും പിന്നീട് യാഥാർത്ഥ്യമായിരുന്നു. വരാനിരിക്കുന്ന സംഭവവികാസങ്ങളെ പ്രവചിച്ച് പ്രസിദ്ധയായ ബാബാ വാംഗയെക്കുറിച്ച് കൂടുതലറിയാം..
വംഗേലിയ പാണ്ഡേവ ഗുഷ്ടേരോവ (Vangeliya Pandeva Gushterova) എന്നാണ് ഇവരുടെ യഥാർത്ഥ പേര്. 1911ൽ ബൾഗേറിയയിലായിരുന്നു ജനനം. ബെലാസിക പർവത താഴ്വരയിലെ റുപീറ്റ ഏരിയയിലായിരുന്നു ജീവിതത്തിന്റെ ഭൂരിഭാഗം സമയവും അവർ ചെലവഴിച്ചത്. 12-ാം വയസിൽ ചുഴലിക്കാറ്റിനെ അതിജീവിച്ചതിന് പിന്നാലെയാണ് വാംഗയ്ക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടതെന്നും അതല്ല, അവർ ജന്മനാ അന്ധയായിരുന്നുവെന്നും വാദങ്ങളുണ്ട്. ഇപ്പറഞ്ഞ 12-ാം വയസ് മുതലാണ് വാംഗ ഭാവിയിലെ സംഭവങ്ങൾ ദർശനങ്ങളായി കാണാൻ തുടങ്ങിയതെന്ന് പറയപ്പെടുന്നു.

കൗമാരക്കാലത്ത് നടത്തിയ പല പ്രവചനങ്ങളും പിന്നീട് യാഥാർത്ഥ്യമായപ്പോൾ 1970-80കളിൽ അവർ കിഴക്കൻ യൂറോപ്പിൽ പ്രസിദ്ധയായി. ഡയാന രാജകുമാരിയുടെ വേർപാടും, കുർസ്ക് ദുരന്തവും, സെപ്റ്റംബർ 11 ഭീകരാക്രമണവും പ്രവചിക്കുകയും അതേപടി നടക്കുകയും ചെയ്തതോടെ ബാബാ വാംഗയുടെ ജനപ്രതീ വർദ്ധിച്ചു.
നൂറ്റാണ്ടുകൾക്ക് ശേഷം സംഭവിച്ചേക്കാവുന്ന കാര്യങ്ങൾ വരെ അവർ പ്രവചിച്ചു. വാംഗയുടെ തുറന്നുപറച്ചിലുകൾ ഗവേഷകരെയും ശാസ്ത്രലോകത്തെയും അലോസരപ്പെടുത്തിയിരുന്നു. വാംഗയുടെ പ്രവചനങ്ങൾക്കൊപ്പം വിവാദങ്ങളും കത്തിപ്പടർന്നെങ്കിലും ബൾഗേറിയയിലും സമീപരാജ്യങ്ങളും ഒരു സാംസ്കാരിക പ്രതീകമായി വാംഗ മാറി. അവരെക്കുറിച്ച് പുസ്തകങ്ങൾ, ഡോക്യുമെന്ററികൾ, സിനിമകൾ എന്നിവയെല്ലാം പുറത്തുവന്നു. 1996 ഓഗസ്റ്റ് 11ന് 85-ാം വയസിലാണ് അവർ അന്തരിച്ചത്. ബൾഗേറിയയുടെ പ്രവാചകയെന്ന് ബാബാ വാംഗ അറിയപ്പെടുന്നു. വാംഗയുടെ വിയോഗത്തിന് ശേഷം പെട്രിച്ച് ടൗണിൽ അവരുടെ പ്രതിമയും സ്ഥാപിക്കപ്പെട്ടിരുന്നു.
5079 വരെയുള്ള പ്രവചനങ്ങൾ ബാബാ വാംഗ നടത്തിയിട്ടുണ്ട്. 5000 വർഷം പിന്നിടുമ്പോൾ ഭൂമിയില്ലാതാകുമെന്നാണ് വാംഗയുടെ പ്രവചനം. മറ്റ് ഗ്രഹങ്ങളിൽ താമസിക്കാൻ മനുഷ്യർ പ്രാപ്തരാകുമെന്നും പ്രവചനമുണ്ട്. വാംഗ മരിച്ച് 25 വർഷങ്ങൾ പിന്നിടുമ്പോഴും അവരുടെ പ്രവചനങ്ങൾ സോഷ്യൽമീഡിയയിൽ ഇപ്പോഴും വൈറലാണ്.















