ബഹിരാകാശനിലയത്തിലേക്കെത്തിയ സുനിതാ വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ലോകം. പേടകത്തിന്റെ ചില തകരാറുകളും, വാതക ചോർച്ചയും കാരണം ഇരുവരുടേയും ഭൂമിയിലേക്കുള്ള മടങ്ങിവരവ് പ്രതിസന്ധിയിലാണ്. സുനിതയും വിൽമോറുമില്ലാതെ സ്റ്റാർലൈനർ പേടകം മാത്രം ഭൂമിയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് ഇപ്പോൾ പേടകത്തെ കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
ഈ മാസം ആറിന് പേടകം മടങ്ങിയെത്തുമെന്നായിരുന്നു പുറത്തുവന്നിരുന്ന വിവരങ്ങൾ. എന്നാൽ ഇതിനിടയിൽ പേടകത്തിൽ നിന്നും നിഗൂഢമായ ശബ്ദങ്ങൾ പുറത്തു വന്നത് ഗവേഷക ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സോണാർ തരംഗങ്ങൾക്ക് സമാനമായ ശബ്ദങ്ങളാണ് പേടകത്തിനുള്ളിൽ നിന്നും പുറത്തുവന്നതെന്നും മിഷൻ കൺട്രോൾ വിഭാഗത്തിലെ വിദ്ഗധരുമായി ഇതുസംബന്ധിച്ച വിവരങ്ങൾ തേടിയതായും നാസ അറിയിച്ചു.
There are several noises I’d prefer not to hear inside my spaceship, including this one that @Boeing Starliner is now making. pic.twitter.com/NMMPMo5dtt
— Chris Hadfield (@Cmdr_Hadfield) September 1, 2024
സ്റ്റാർലൈനർ പേടകത്തിൽ നിന്നും പുറത്തുവന്ന ശബ്ദങ്ങൾ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നും മിഷൻ കൺട്രോളിംഗ് വിഭാഗം പറഞ്ഞു. വാതക ചോർച്ച മൂലം പേടകത്തിൽ നിന്നും ഇത്തരം ശബ്ദങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറഞ്ഞു.
ഒരാഴ്ചത്തെ ബഹിരാകാശനിലയ സന്ദർശനത്തിനായാണ് സുനിതയും ബുച്ച് വിൽമോറും യാത്ര തിരിച്ചത്. തിരിച്ചു വരവ് പ്രതിസന്ധിയിലായതിനാൽ സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകം ഉപയോഗിച്ച് ഭൂമിയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോൾ നാസ നടത്തുന്നത്.















