തിരുവനന്തപുരം: വിവാദത്തിലായി എഡിജിപി എം.ആർ. അജിത് കുമാറിന്റെ വീട് നിർമ്മാണം. പി.വി.അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് തിരുവനന്തപുരത്ത് നിർമ്മിക്കുന്ന വീട് ചർച്ചയായത്. സർക്കാർ ശമ്പളം വാങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥന് കോടികൾ വിലമതിക്കുന്ന ഭൂമിയിൽ കോടികൾ മുടക്കി കൊട്ടാര സമാനമായ വീട് നിർമ്മിക്കാൻ എങ്ങനെ സാധിച്ചുവെന്ന് ചോദ്യമാണ് ഉയരുന്നത്.
തലസ്ഥാന നഗരത്തിലെ അതിസമ്പന്നർ മാത്രം താമസിക്കുന്ന കവടിയാറിയിൽ പത്ത് സെന്റ് സ്ഥലത്ത് വീടിന്റെ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. കൊട്ടരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഭൂമിക്ക് കോടികളാണ് വില. എം.എ. യൂസഫലിയുടെ ഹെലിപാഡിനോട് ചേർന്നാണ് പ്ലോട്ടിന്റെ സ്ഥാനം. ഈ അടുത്ത കാലത്ത് വരെ സെന്റിന് 70 ലക്ഷം രൂപയാണ് പ്രദേശത്തെ കുറഞ്ഞ ഭൂമി വില. അജിത് കുമാറിന്റെ സഹോദരന്റെ പേരിൽ ഇതിനോട് ചേർന്ന് 12 സെന്റ് ഭൂമിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അജിത് കുമാർ നേരിട്ട് വന്ന് വീടുനിർമാണം വിലയിരുത്താറുണ്ടെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം
6000 ചതുശ്ര അടിക്ക് മുകളിൽ വലിപ്പമുള്ള മണിമാളികയിൽ ലിഫ്റ്റ് ഉൾപ്പെടെ ആഡംബര സൗകര്യങ്ങളുണ്ടെന്നാണ് നിർമ്മാണ സ്ഥലത്ത് വെച്ചിരിക്കുന്ന പ്ലാനിൽ പറയുന്നത്. ഇതിനൊപ്പം ഓപ്പണ്‍ ബാത്ത് പ്ലേസ് എന്ന് ചേര്‍ത്തിട്ടുണ്ട്. ഇത് പൂള് ആകാമെന്നാണ് സൂചന. അണ്ടർഗ്രൗണ്ട് പാർക്കിങും അടക്കമുള്ള മൂന്ന് നില കെട്ടിടത്തിന് 2024- അനുമതി ലഭിച്ചത്.
താഴത്തെ ബേസ്മെന്റിന് മാത്രം 2000 ചതുശ്ര അടിക്ക് മുകളിലാണ് വിസ്തീർണം. മൂന്നാൾ പൊക്കമുള്ള ബേസ്മെന്റ് നിർമാണം പുരോഗമിക്കുകയാണ്. താഴത്തെ നിലയിൽ അതിഥികൾക്കായാണ് സജ്ജീകരിക്കുന്നത്.















