എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്നുവന്ന പരാതികൾക്ക് മേലുള്ള അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. നിലവിൽ നടക്കുന്ന അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ഹർജിയിൽ പറയുന്നു. ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയ ആളുകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും കേസ് സിബിഐ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകരായ എ ജന്നത്ത്, അമ്യത പ്രേംജിത്ത് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിയമനിർമാണം ആവശ്യമാണ്. ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയ സ്ത്രീകളും ലൈംഗികാതിക്രമങ്ങൾ ഉന്നയിച്ച സ്ത്രീകളും ഭീഷണി നേരിടാൻ സാധ്യതയുണ്ട്. അതിനാൽ ഇവരുടെ സരക്ഷണം ഉറപ്പുവരുത്തണം. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതി ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു.
ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി ഉന്നയിച്ചതിന് പിന്നാലെ നിരവധി ഭീഷണികൾ നേരിട്ടതായി യുവനടി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. കള്ളക്കേസാണെങ്കിൽ ബാക്കി ഞങ്ങൾ നോക്കും എന്ന തരത്തിൽ നിരവധി ഭീഷണികളാണ് യുവതി നേരിട്ടത്.















