എറണാകുളം: ലൈംഗികാതിക്രമ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി നടൻ സിദ്ദിഖ്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖ് ഹർജി നൽകിയത്. തന്നെ അപമാനിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നതെന്നും ഹർജിയിൽ പറയുന്നു. മുൻകൂർ ജാമ്യാഹർജി തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വർഷങ്ങൾക്ക് മുമ്പ് തനിക്കെതിരെ യുവതി സോഷ്യൽ മീഡിയയിൽ ഉന്നയിച്ച ആരോപണമാണ് ഇപ്പോൾ വീണ്ടും ഉന്നയിക്കുന്നത്. എന്നാൽ അന്ന് ലൈംഗികാതിക്രമം സംബന്ധിച്ച കാര്യങ്ങൾ ഒന്നും ഉന്നയിച്ചില്ല. എന്നാൽ ഇപ്പോൾ ഉന്നയിച്ച ലൈംഗികാതിക്രമ പരാതി തന്നെ അപമാനിക്കാൻ മാത്രമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
2016 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മസ്‌കറ്റ് ഹോട്ടലിൽ വച്ച് നടൻ ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. ഇതിന്റെ ഭാഗമായി മസ്‌കറ്റ് ഹോട്ടലിൽ നടത്തിയ അന്വേഷണത്തിൽ നടൻ 2016ൽ ഹോട്ടലിൽ മുറിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.