എറണാകുളം: മലപ്പുറം എസ്പി ശശിധരനെതിരെ ഹർജി. നടൻ ബാബുരാജിൽ നിന്ന് പീഡനത്തിന് ഇരയായെന്ന വെളിപ്പെടുത്തൽ അറിഞ്ഞിട്ടും കേസെടുക്കാത്തതിനെതിരെയാണ് നടിയുടെ ഹർജി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി സമർപ്പിക്കപ്പെട്ടിട്ടുള്ളത്. എസ്പി ശശിധരന് കോടതി നോട്ടീസയച്ചു. എറണാകുളം ഡിസിപി ആയിരിക്കെയാണ് ശശിധരന് പരാതി നൽകിയതെന്ന് ഹർജിയിൽ പറയുന്നു.
ബാബുരാജിനെതിരെ പീഡനാരോപണം ഉന്നയിച്ച ജൂനിയർ ആർട്ടിസ്റ്റാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കുറ്റകൃത്യം അറിഞ്ഞിട്ടും എസ്പി മറച്ചുവച്ചു. ഇതിനെതിരെ നടപടിയെടുക്കണമെന്നാണ് യുവതിയുടെ ആവശ്യം. കുറ്റകൃത്യം നടക്കുന്ന സമയത്ത് കൊച്ചി ഡിസിപിയായിരുന്നു ശശിധരൻ. നടപടി എടുക്കുന്നതിൽ വീഴ്ച വരുത്തിയത് കുറ്റകരമാണെന്നും മലപ്പുറം എസ്പിക്കെതിരെ ക്രിമിനൽ നടപടി എടുക്കണമെന്നും ഹർജിയിൽ പറയുന്നു.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. 2019ൽ ആലുവയിലെ വീട്ടിൽ വച്ചാണ് സംഭവം നടന്നതെന്നും ജൂനിയർ ആർട്ടിസ്റ്റായ യുവതി വെളിപ്പെടുത്തുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് കൊച്ചി ഡിസിപി ആയിരുന്ന ശശിധരനെ 2023ൽ വിവരം അറിയിച്ചതാണെന്നും നടപടി എടുത്തില്ലെന്നുമാണ് ആരോപണം.















