ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായ സംഭവത്തിൽ കുഞ്ഞിനെ വിറ്റുവെന്ന് അമ്മ. എന്നാൽ യുവതിയുടെ മൊഴി നുണയാണെന്നും കുഞ്ഞ് ജീവനോടെയില്ലെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിമൂലം കുഞ്ഞിനെ വളർത്താൻ നിവൃത്തിയില്ലാത്തത്കൊണ്ട് വിറ്റുവെന്നാണ് പള്ളിപ്പുറം സ്വദേശിയായ അമ്മയുടെ മൊഴി.
കുട്ടി എവിടെയാണെന്ന് പൊലീസിന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. കുഞ്ഞിനെ കൈമാറിയ തൃപ്പൂണിത്തറ സ്വദേശികളെ കുറിച്ചുള്ള വിവരങ്ങൾ യുവതി പൊലീസിന് നൽകിയിട്ടില്ല. അതിനാൽ കുഞ്ഞിനെ കൊന്നുവെന്നാണ് പൊലീസിന്റെ സംശയം.
ചേർത്തല പൊലീസ് മാതാപിതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കുഞ്ഞിനെ വിറ്റ അമ്മയെയും ഇവരുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. അയൽവാസിയായായ ആൺ സുഹൃത്ത് രതീഷാണ് യുവതിക്കൊപ്പം കസ്റ്റഡിയിലുള്ളത്. രണ്ടുദിവസത്തിനുള്ളിൽ കുഞ്ഞിനെ ഹാജരാക്കണമെന്ന് സിഡബ്ല്യുസി നിർദ്ദേശം നൽകിയിരുന്നു.
ശനിയാഴ്ചയാണ് ചേർത്തല കെ.വി.എം. ആശുപത്രിയിൽ യുവതി കുഞ്ഞിന് ജന്മം നൽകിയത്. ആശ വർക്കർ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുഞ്ഞിനെ വളർത്താൻ നിവൃത്തി ഇല്ലാത്തതുകൊണ്ട് വിറ്റു എന്നാണ് യുവതി വാർഡ് മെമ്പറോട് പറഞ്ഞത്. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. പുറത്തറിയിച്ചാൽ ആത്മഹത്യ ചെയ്യുമെന്നും യുവതി ഭീഷണിപ്പെടുത്തിയതായി വാർഡ് മെമ്പർ പറഞ്ഞു.