ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടൻ മമ്മൂട്ടിയുടെ പ്രതികരണത്തിനെതിരെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും നടി ദീപാ തോമസ്. പ്രതീക്ഷിച്ചതുപോലെ ചവർ എന്നാണ് സൂപ്പർതാരത്തിന്റെ പ്രതികരണത്തെ വിശേഷിപ്പിച്ചത്. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാൻ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്തുനില്കേണ്ട സമയമാണിത്.
ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പൊലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ. സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രംഗവുമല്ല സിനിമയെന്നുമായിരുന്നു മമ്മുട്ടിയുടെ പ്രതികരണം.
പ്രതീക്ഷിച്ചതുപോലെ തന്നെ ചവർ, മലയാളത്തിലെ മഹാ നടനെന്നറിയപ്പെടുന്നയാളുടെ പ്രതികരണം വായിക്കേണ്ടിവന്നു. എനിക്ക് തോന്നിയത് ചാറ്റ് ജിപിടി ഇതിനേക്കാളും സഹാനുഭൂതിയോടെ എഴുതും. ഇത് വായിച്ചാൽ അദ്ദേഹം പേരക്കുട്ടിയെ കൊണ്ട് പ്രതികരണം എഴുതിച്ചതെന്നേ തോന്നൂ. പവർ ഗ്രൂപ്പിന്റെ ആദ്യ നിയമം പവർ ഗ്രൂപ്പിനെക്കുറിച്ച് പറയാതിരിക്കുക എന്നാണ്—- നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു. കരിക്ക് വെബ് സിരീസ്,ഹോം സുലൈഖ മൻസിൽ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് ദീപ തോമസ്.