എറണാകുളം: ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്. യുവനടിയുടെ ആരോപണങ്ങൾ തെറ്റാണെന്ന് നടൻ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പരാതിക്കാരിക്ക് നേരെ നിരവധി വാദങ്ങളാണ് സിദ്ദിഖ് ഉന്നയിച്ചിരിക്കുന്നത്.
അടിസ്ഥാനരഹിതവും നിലനില്‍ക്കാത്തതുമായ പരാതിയാണ് നടി ഉന്നയിക്കുന്നതെന്ന് സിദ്ദിഖ് അറിയിച്ചു. പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയില്ല. സംഭവത്തിന്റെ തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരം. ബലാത്സംഗം ചെയ്തുവെന്ന വാദം തെറ്റെന്നും സിദ്ദിഖ്. സാധാരണക്കാരിയാണെന്നാണ് പരാതിക്കാരിയുടെ വാദം. എന്നാൽ പരാതിക്കാരി സാധാരണക്കാരിയല്ല, അവർക്ക് മറ്റൊരു മുഖമുണ്ട്. സൂക്ഷ്മമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴി. മാനസിക വിഷമം മൂലമാണ് നേരത്തെ പരാതി നല്‍കാത്തിരുന്നതെന്നാണ് നടിയുടെ വാദം. എന്നാല്‍ സാമൂഹിക മാദ്ധ്യമങ്ങളിലെ നിലപാടുവച്ച് അങ്ങനെ കരുതാനാവില്ല. പരാതിക്കാരിയുടെ നിലപാടുകളിലും പ്രസ്താവനകളിലും മൊഴിയിലും വൈരുദ്ധ്യമാണുള്ളത്. പരാതി നല്‍കാന്‍ ഇത്രയും വൈകിയതിന്റെ കാരണം ഇതുവരെയും വ്യക്തമായി ബോധ്യപ്പെടുത്താൻ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ല. മാദ്ധ്യമങ്ങളിലൂടെ നടി നടത്തുന്നത് വ്യാജ പ്രചാരണമെന്നും സിദ്ദിഖ് ഹൈക്കോടതിയെ അറിയിച്ചു.
വർഷങ്ങൾക്ക് മുമ്പ് തനിക്കെതിരെ യുവതി സോഷ്യൽ മീഡിയയിൽ ഉന്നയിച്ച ആരോപണമാണ് ഇപ്പോൾ വീണ്ടും ഉന്നയിക്കുന്നത്. എന്നാൽ അന്ന് ലൈംഗികാതിക്രമം സംബന്ധിച്ച കാര്യങ്ങൾ ഒന്നും ഉന്നയിച്ചില്ല. എന്നാൽ ഇപ്പോൾ ഉന്നയിച്ച ലൈംഗികാതിക്രമ പരാതി തന്നെ അപമാനിക്കാൻ വേണ്ടി മാത്രമാണെന്നും മുൻകൂർ ജാമ്യ ഹർജിയിൽ സിദ്ദിഖ് ചൂണ്ടിക്കാട്ടി. 2016 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. മസ്‌കറ്റ് ഹോട്ടലിൽ വച്ച് നടൻ ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി.















