നിരവധി ആൻ്റി-ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുള്ള ചെടിയാണ് തേയില. എന്നാൽ വിപണിയിലെത്തുന്ന ചായപ്പൊടിയിൽ ഇവയൊന്നും കാര്യമായി അടങ്ങിയിട്ടില്ലെന്നതാണ് വാസ്തവം. എന്നാൽ ഗ്രീൻ ടിയിൽ ഈ ഗുണങ്ങളെല്ലാം അടങ്ങിയിട്ടുണ്ട്. തേയിലയിൽ നിന്ന് ഇലകളെയുത്ത് ആവി കയറ്റി ഉണക്കി ഈർപ്പം വറ്റിച്ച ശേഷം ചെറു തരികളോടെ നുറുക്കിയെടുക്കുന്നതാണ് ഗ്രീൻ ടീ.
ശരീരഭാരം കുറയ്‌ക്കാനും ആരോഗ്യം നിലനിർത്താനും ഗ്രീൻ ടീ കുടിക്കുന്നവർ നിരവധിയാണ്. ഭൂരിഭാഗം പേരും ഗ്രീൻടീ ബാഗാണ് ഉപയോഗിക്കുന്നത്. വെള്ളം ചൂടാക്കി അതിലേക്ക് ടീ ബാഗ് വച്ച് കടുപ്പം വരുന്നതോടെ കുടിക്കുന്നതാണ് പതിവ്. ഒരു ബാഗ് ഒരു തവണയേ ഉപയോഗിക്കൂ. ഉപയോഗശേഷം പലരും ഇത് തൊടിയിലേക്ക് വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ഇവ നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
ആരോഗ്യത്തിന് ഗുണം ചെയ്യുന്നത് പോലെ തന്നെ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾക്ക് മറ്റ് പല ഗുണങ്ങളുമുണ്ട്. വീട്ടിലും പരിസരത്തുമായി ഗ്രീൻ ടീ ബാഗുകൾ പുനരുപയോഗിക്കാവുന്നതാണ്. അവയിൽ ചിലത് ഇതാ..
- ചെടികൾക്ക് വെള്ളവും വളവും മതിയാകുന്നില്ലെന്ന് തോന്നുന്നുണ്ടെങ്കിൽ ഉപയോഗിച്ച ഗ്രീൻ ടീ ബാഗ് മികച്ച ഓപ്ഷനാണ്. മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കാൻ സാധിക്കുന്ന ഘടകങ്ങൾ ഇതിലുണ്ട്. ഇവ നേരിട്ട് ചെടിയിലേക്ക് ഇട്ടു കൊടുക്കുക.
- മണ്ണിന്റെ ഘടന മെച്ചപ്പെടുത്താനും ഈർപ്പം നിലനിർത്താനും ഇത് സഹായിക്കുന്നു. ചെടികൾക്ക് ആവശ്യമായ അളവിൽ നെട്രജൻ നൽകാനും ഗ്രീൻ ടീ ബാഗുകൾക്ക് സാധിക്കുന്നു.
- ഫ്രിഡ്ജിലെയും ഷൂസിലെയും ദുർഗന്ധത്തെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ മൂക്കും പൊത്തി നെറ്റി ചുളിക്കാൻ സാധ്യതയുണ്ട്. ദുർഗന്ധത്തെ അകറ്റി നിർത്താൻ ഗ്രീൻ ടീക്ക് സാധിക്കും. ഉപയോഗ ശേഷം ഫ്രിഡ്ജിൽ വച്ചാൽ മാത്രം മതി. യാത്ര പോയി വന്ന ശേഷം ഷൂസിലും ഇത് വച്ചാൽ മതി.
- ആൻ്റിഓക്‌സിഡൻ്റുകളാലും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാലും സമ്പന്നമാണ് ഗ്രീൻ ടീ. മുഖത്തെം വീക്കം കുറയ്‌ക്കാനും ചർമത്തിന് തിളക്കം നൽകാനും ഗ്രീൻ ടീ ബാഗ് സഹായിക്കും. ഉപയോഗ ശേഷം ടീ ബാഗുകള് ഫ്രിഡ്ജിൽ വച്ചട് തണുപ്പിച്ച് മുഖത്തും കണ്ണുകളിലും വയ്‌ക്കുക. ചായ തണുപ്പിച്ച് ടോണറായും ഉപയോഗിക്കാം.
- കണ്ണാടി, ഫർണിച്ചറുകൾ, ഗ്ലാസ് തുടങ്ങിയവ വൃത്തിയാക്കാനും ഗ്രീൻ ടീ സഹായിക്കും. ഉപയോഗിച്ച ആറോ ഏഴോ ടീ ബാഗുകൾ വീണ്ടും ചൂടുവെള്ളത്തിലിടുക. ഇലകളുടെ മണം വന്നാൽ വെള്ളം തണുക്കാൻ വയ്‌ക്കുക. ഈ വെള്ളത്തിൽ തുണി മുക്കി തുടച്ചാൽ വീട്ടിലെ സാധനങ്ങൾ മിന്നി തിളങ്ങും. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ടാന്നിൻ അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കുന്നു.
- ചർമത്തിലെ ചുവപ്പ്, തിണർപ്പ്, വീക്കം തുടങ്ങിയവ പരിഹരിക്കാനും ഗ്രീൻ ടീ ബാഗുകൾ സഹായിക്കും. ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് നീരുള്ള ഭാഗത്ത് അമർത്തി വച്ചാൽ മതി.















