ലക്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ പൊലീസ് നിയമന പരീക്ഷ നടത്തി ഉത്തർപ്രദേശ്. 60,200 തസ്തികകളിലേക്കായി 3.2 മില്യൺ ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതിയത്. സുതാര്യതയോടും പ്രതിജ്ഞാബദ്ധതയോടു കൂടിയുമാണ് പരീക്ഷ നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
”കോൺസ്റ്റബിൾ സിവിൽ പൊലീസിന്റെ 60,200-ലധികം തസ്തികകളിലേക്ക് നടത്തിയ പരീക്ഷ സുതാര്യവും സമാധാനപരവുമായി പൂർത്തിയാക്കിയതിന് എല്ലാ ഉദ്യോഗാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇത് ഉത്തർപ്രദേശിന്റെ സുരക്ഷയ്‌ക്കും സദ്ഭരണത്തിനും ആക്കം കൂട്ടുന്നു.”- യോഗി ആദിത്യനാഥ് കുറിച്ചു.
ഉത്തർപ്രദേശ് പൊലീസ് റിക്രൂട്ട്മെന്റ് ആൻഡ് പ്രൊമോഷൻ ബോർഡ് (UPPRPB) അഞ്ച് ദിവസങ്ങളിലായി 67 ജില്ലകളിലാണ് പരീക്ഷ സംഘടിപ്പിച്ചത്. 1,174 കേന്ദ്രങ്ങളിലായി ഓഗസ്റ്റ് 23 മുതൽ 31 വരെ രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷകൾ നടത്തി. ചോദ്യ പേപ്പർ ചോർച്ചയുണ്ടാവാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും യോഗി സർക്കാർ കൈക്കൊണ്ടിരുന്നുവെന്നും ഓരോ പരീക്ഷ കേന്ദ്രങ്ങളിലും സുരക്ഷ കർശനമാക്കിയിരുന്നുവെന്നും അധികൃതർ പറഞ്ഞു. പരീക്ഷാ കേന്ദ്രങ്ങളിൽ കേന്ദ്ര സായുധ പൊലീസ് സേന ഉൾപ്പെടെ 1,97,859 പൊലീസുകാരെയാണ് വ്യന്യസിപ്പിച്ചത്.
വിദഗ്ധരുടെ സംഘം കേന്ദ്രങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് പരീക്ഷയുടെ സുതാര്യത ഉറപ്പുവരുത്തിയിരുന്നു. ഉദ്യോഗാർത്ഥികളുടെ ആധാർകാർഡ് ഉൾപ്പെടെയുള്ളവ വിശദ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. സുതാര്യമായ നിയമനം സാധ്യമാക്കുന്നതിനായി കൃത്യമായ സുരക്ഷാ ക്രമീകരണമാണ് യോഗിസർക്കാർ സ്വീകരിച്ചത്.