അച്ഛനെക്കുറിച്ച് വാചാലനായി മകൻ ഷോബി തിലകൻ. അച്ഛനോട് ഒരു മണിക്കൂർ സംസാരിച്ചാൽ അഞ്ച് സിനിമ എടുക്കാമെന്നും ചെറിയ പ്രായം മുതൽ അച്ഛൻ ലോക കാര്യങ്ങളൊക്കെയാണ് ഞങ്ങളോട് സംസാരിച്ചിരുന്നതെന്നും ഷോബി തിലകൻ പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അച്ഛനെ കുറിച്ചുള്ള ഓർമകൾ ഷോബി തിലകൻ പങ്കുവച്ചത്.
“അച്ഛൻ തിരുവനന്തപുരത്ത് താമസിക്കുമ്പോൾ കാശ് ചോദിക്കാനൊക്കെ ഞാൻ അച്ഛനെ കാണാൻ പോകും. എന്നെ കാണുമ്പോൾ മണിക്കൂറുകളോളമാണ് അദ്ദേഹം സംസാരിക്കുന്നത്. ലോക കാര്യങ്ങളൊക്കെയാണ് എന്നോട് പറയുന്നത്. അച്ഛന്റെ സംസാരം കേട്ട് ഭക്ഷണം കഴിക്കാൻ പോലും ഞാൻ മറന്നിട്ടുണ്ട്. നാല് മണിക്കൂറോളം ഒരേ പോലെ നിന്ന് അച്ഛൻ പറയുന്നത് കേൾക്കും”.
“ജീവിതത്തിൽ എനിക്ക് എന്തൊക്കെ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടോ അതിനൊക്കെ എന്നെ പ്രാപ്തനാക്കിയ വ്യക്തിയാണ് അച്ഛൻ. ആദ്യമായി പഴശ്ശിരാജയിലാണ് എനിക്ക് അവാർഡ് കിട്ടിയത്. സാധാരണ ഒരു കുടുംബത്തിൽ മകന് അവാർഡ് കിട്ടിയാൽ എല്ലാവരും ആഘോഷിക്കുകയും ആശംസിക്കുകയുമൊക്കെ ചെയ്യും. എനിക്ക് അവാർഡ് കിട്ടിയ കാര്യം ഞാൻ അങ്ങോട്ട് വിളിച്ചാണ് പറഞ്ഞത്. അപ്പോൾ പോലും ഒന്ന് മൂളുക മാത്രമാണ് അച്ഛൻ ചെയ്തത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് തന്നെയാണ് വലിയ കാര്യം”.
“ജീവിതത്തിലേക്ക് വരുന്ന ഓരോ ആളുകളിൽ നിന്നും നമുക്ക് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് എന്നെ പഠിപ്പിച്ചത് അമ്പിളി ചേട്ടനാണ്. നമുക്ക് എവിടെ വച്ചാണോ ഉയരങ്ങളിലേക്ക് കയറാനുള്ള അവസരം കിട്ടുന്നത്. അവിടെ വച്ച് നമ്മൾ മുകളിലേക്ക് കയറണം. അപ്പോൾ കയറിയില്ലെങ്കിൽ അവിടെ വെറെ പല ആളുകളും കയറും. ആ സമയം നമുക്ക് നോക്കി നിൽക്കാൻ മാത്രമേ പറ്റുകയുള്ളൂവെന്നും അദ്ദേഹം എന്നെ പഠിപ്പിച്ചു”.
ഉസ്താദ് ഹോട്ടലിൽ ദുൽഖറിനൊപ്പം അഭിനയിക്കുന്ന സമയം ഞാൻ അച്ഛനോട് ചോദിച്ചു. അവൻ എങ്ങനെയുണ്ടെന്ന്. അവന്റെ പ്രായത്തിനനുസരിച്ച് അവൻ നന്നായി ചെയ്യുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന് മറുപടി. പുള്ളിയ്‌ക്ക് അത്രമാത്രം ഇഷ്ടമായതിനാലാണ് അങ്ങനെ പറഞ്ഞതെന്നും ഷോബി തിലകൻ പറഞ്ഞു.















