മലപ്പുറം: തിരൂർ ജില്ലാ ആശുപത്രിയിൽ മൃതദേഹം അഴുകിയ നിലയിൽ. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പത്തനംതിട്ട സ്വദേശി നാസറിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. അധികൃതരുടെ അനാസ്ഥയാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് 58കാരനായ നാസർ തിരൂരിൽ വച്ച് ട്രെയിൻ തട്ടി മരിച്ചത്. മൃതദേഹം തിരൂരിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മൃതദേഹം ഏറ്റെടുക്കുന്നതിനായി ബന്ധുക്കൾ ആശുപത്രിയിലെത്തിയപ്പോഴാണ് അഴുകിയ നിലയിലാണെന്ന് മനസിലായത്.
മോർച്ചറിയിൽ ഫ്രീസർ ഉൾപ്പെടയുള്ള സംവിധാനങ്ങളുണ്ടായിട്ടും എങ്ങനെയാണ് മൃതദേഹം അഴുകിയതെന്ന ചോദ്യമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. പൊലീസിൽ പരാതി നൽകിയതായും ഇവർ അറിയിച്ചു.















