”എന്തുകഴിച്ചാലും പെട്ടന്ന് വണ്ണം വയ്‌ക്കും, പച്ചവെള്ളം പോലും കുടിക്കാൻ പറ്റാത്ത അവസ്ഥയാ”, ഇങ്ങനെ പറയുന്നവരെ നാം കണ്ടിരിക്കും. ചിലപ്പോൾ ഈ സാഹചര്യത്തിലൂടെയായിരിക്കും ഒരുപക്ഷേ നമ്മിൽ പലരും കടന്നുപോകുന്നത്. അമിത വണ്ണം കുറയ്‌ക്കാൻ കുറുക്കുവഴികളൊന്നുമില്ലെന്ന് ആദ്യം മനസിലാക്കണം. അപ്പോൾ എങ്ങനെ ഭാരം കുറയ്‌ക്കും? കൃത്യമായതും ആരോഗ്യകരമായതുമായ ഭക്ഷണശീലം പിന്തുടരുകയെന്നതാണ് ഇതിനുള്ള ഒരു വഴി.
ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ അമിത വണ്ണമുള്ള ആളുകൾ പ്രത്യേകം ശ്രദ്ധിക്കണം. ഇതിന് അനുയോജ്യമായ ഒരു പച്ചക്കറിയാണ് തക്കാളി. പ്രോട്ടീൻ സമ്പുഷ്ടമായ തക്കാളി കഴിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്‌ക്കുന്നതിന് സഹായിക്കുന്നു. വിറ്റാമിൻ സി, പൊട്ടാസ്യം, ഇരുമ്പ്, ലൈക്കോപീൻ തുടങ്ങി നിരവധി പോഷകഘടകങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ധാരാളം ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് തക്കാളി.
തക്കാളിയിൽ ജലാംശം കൂടുതലായതിനാൽ നിർജലീകരണം തടയാൻ സഹായിക്കുന്നു. തക്കാളി കൊണ്ട് സാലഡ് പോലുള്ള ലഘു ഭക്ഷണങ്ങൾ തയ്യാറാക്കി കഴിക്കുകയാണെങ്കിൽ ഇടയ്‌ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നലും വിശപ്പും കുറയ്‌ക്കുന്നു. കലോറി കുറഞ്ഞ ഭക്ഷണമായതിനാൽ പൊണ്ണത്തടി കുറയ്‌ക്കാൻ ഇത് സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മൂത്രത്തിൽ കല്ല് പോലുള്ള രോഗങ്ങൾ ഉള്ളവർ തക്കാളി കഴിക്കുമ്പോൾ ഡോക്ടർമാരുടെ നിർദേശപ്രകാരം കഴിക്കുക.















