നാഗർകോവിൽ: കന്യാകുമാരി ഭഗവതി ക്ഷേത്രത്തിലെ തീർഥക്കിണർ 100 വർഷത്തിനു ശേഷം തുറന്നു.
മൂവായിരം വർഷങ്ങൾക്ക് മുമ്പ് പരശുരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് കന്യാകുമാരി ഭഗവതി ക്ഷേത്രം . ഈ ക്ഷേത്രത്തിന്റെ അകത്തളത്തിന്റെ വടക്കുഭാഗത്തായി അതിപുരാതനമായ ഒരു തീർത്ഥക്കിണർ ഉണ്ട്. ബീച്ചിനോട് ചേർന്നാണ് ഈ കിണർ സ്ഥിതി ചെയ്യുന്നതെങ്കിലും ഉപ്പുരസമില്ലാത്ത നല്ല കുടിവെള്ളമാണിത്തിൽ ലഭിക്കുന്നത്.
ദേവിക്ക് അഭിഷേകത്തിനായി പുണ്യജലം ക്ഷേത്രത്തിന്റെ മേൽ ശാന്തി ഈ തീർഥക്കിണറ്റിൽ നിന്നാണ് എടുക്കുന്നത്. ക്ഷേത്ര മൂലസ്ഥാനത്തിനു മുന്നിലുള്ള വടവിളക്ക് മണ്ഡപ തുരങ്കത്തിലൂടെയാണ് വെള്ളം കോരാൻ ശാന്തി എത്തുക. എല്ലാ ദിവസവും രാവിലെ അഞ്ചിനും 10നും മേൽശാന്തി അഭിഷേകത്തിനുള്ള പുണ്യജലം കിണറ്റിൽ നിന്ന് കുടത്തിൽ എടുക്കും.ദേവിക്കുള്ള പൂജയ്‌ക്ക് ഉപയോഗിക്കുന്ന പുണ്യജലവും ഈ കിണറ്റിൽ നിന്നാണ്. ദേവിക്ക് നിത്യനിവേദ്യം തയ്യാറാക്കാൻ ഈ കിണറ്റിൽ നിന്ന് വെള്ളം തിടപ്പള്ളിയിലേക്ക് കൊണ്ടുപോകുകയാണ് പതിവ്. കൂടാതെ മറ്റു ക്ഷേത്രങ്ങളിലെ കുംഭാഭിഷേകം, വർഷാഭിഷേകം, ഉത്സവം, മറ്റു മംഗള കർമ്മങ്ങൾ എന്നിവയ്‌ക്ക് ഈ തീർഥക്കിണറ്റിൽ നിന്ന് കുടങ്ങളിൽ പുണ്യജലം എടുത്ത് ഭഗവതിയുടെ തൃപ്പാദങ്ങളിൽ പൂജയ്‌ക്ക് വെയ്‌ക്കുന്ന പതിവുണ്ട്.
ഈ കിണർ ശുദ്ധവും പവിത്രവുമായി നിലനിർത്താൻ കിണറിന്റെ മുകൾ ഭാഗം ഇരുമ്പ് കമ്പി കൊണ്ട് മൂടിയിരിക്കുക്കയാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർ നാണയങ്ങൾ ഈ കിണറ്റിൽ വഴിപാടായി ഇടുന്നു.
കന്യാകുമാരി ജില്ലാ ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ പ്രഭാ രാമകൃഷ്ണനും ക്ഷേത്രം ഭാരവാഹികളും ചേർന്നാണ് കിണർ തുറന്നത് . ഭക്തർ വഴിപാടായി കിണറ്റിൽ സമർപ്പിച്ച പണം എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്തു.















