തിരുവനന്തപുരം: കേരള സസ്ഥാന ഭാഗ്യക്കുറിയുടെ മൺസൂൺ ബമ്പറിന്റെ വ്യജ ടിക്കറ്റുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ. തിരുനെൽവേലി സ്വദേശി സെൽവകുമാറാണ് പിടിയിലായത്.
മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം തനിക്കുണ്ടെന്ന് പറഞ്ഞാണ് ഇയാൾ ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ നേരിട്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് വ്യാജ ടിക്കറ്റാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ അധികൃതർ വിവരം പൊലീസിൽ അറിയിച്ചു.
ചോദ്യം ചെയ്യലിൽ താനും സുഹൃത്തുക്കളും നിർമിച്ച വ്യാജ ടിക്കറ്റാണെന്ന് സെൽവകുമാർ സമ്മതിച്ചു. ലോട്ടറി ഡയറക്ടറുടെ ഒപ്പും ലോട്ടറിയുടെ ക്യൂആർ കോഡും മറ്റുസുരക്ഷാ സംവിധാനങ്ങളും എല്ലാം വ്യാജമായി നിർമിച്ചാണ് ഇയാൾ ടിക്കറ്റ് ഹാജരാക്കിയത്. സെൽവകുമാറിനെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.















