തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലുളള ഉന്നതതല പൊലീസ് സംഘം അന്വേഷിക്കും.
ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ്, ജി. സ്പർജൻ കുമാർ (ഐജിപി, സൗത്ത് സോൺ & സിപി, തിരുവനന്തപുരം സിറ്റി), തോംസൺ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ്. മധുസൂദനൻ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്പി, എസ്എസ്ബി ഇന്റലിജൻസ്, തിരുവനന്തപുരം) എന്നിവരടങ്ങുന്നതാണ് സംഘം
പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തുമെന്ന് പൊലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണസംഘം രൂപീകരിച്ചത്. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.
നിലമ്പൂർ എംഎൽഎ പി.വി അൻവറാണ് എഡിജിപി എംആർ അജിത് കുമാറിനും പത്തനംതിട്ട എസ്പിയായിരുന്ന സുജിത് ദാസിനുമെതിരെ ഉൾപ്പെടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. എഡിജിപിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അൻവർ പുറത്തുവിട്ടത്. സ്വർണക്കളക്കടത്തിൽ പങ്കുണ്ടെന്നും കവടിയാറിൽ ആഡംബരവീട് നിർമിക്കുന്നുവെന്നും സോളാർ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നുവെന്നും ഉൾപ്പെടെയുളള ആരോപണങ്ങളാണ് എംഎൽഎ പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുമായുളള അടുപ്പമാണ് എംആർ അജിത് കുമാറിനെ സൂപ്പർ ഡിജിപിയാക്കിയതെന്നും അൻവർ ആരോപിച്ചിരുന്നു.