ചെന്നൈ: ഈ വർഷം ന്യൂനപക്ഷ ഭാഷാ വിദ്യാർഥികൾ ഉൾപ്പെടെ പത്താം ക്ലാസിലെ എല്ലാ വിദ്യാർത്ഥികളും തമിഴ് വിഷയത്തിന്റെ പരീക്ഷ നിർബന്ധമായും എഴുതണമെന്ന് പരീക്ഷാ വകുപ്പ് ഉത്തരവിട്ടു.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ന്യൂനപക്ഷ ഭാഷാ വിദ്യാർത്ഥികളെ തമിഴ് വിഷയത്തിന്റെ പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിരുന്നു.തമിഴ് അല്ലാത്ത പത്താം ക്ലാസിലെ ന്യൂനപക്ഷ വിദ്യാർത്ഥികളെ തമിഴ് പരീക്ഷ എഴുതുന്നതിൽ നിന്ന് ഒഴിവാക്കുമെന്ന് തമിഴ്നാട് സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപനവും നടത്തിയിരുന്നു. എന്നാൽ തെലുങ്ക്, കന്നഡ, ഉറുദു, മലയാളം എന്നീ മാതൃഭാഷകളുള്ള വിദ്യാർത്ഥികൾ ഈ വർഷം തമിഴ് വിഷയ പരീക്ഷ എഴുതണമെന്ന് പരീക്ഷാ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.
സ്കൂൾ വിദ്യാഭ്യാസത്തിൽ തമിഴ് ഭാഷ നിർബന്ധമാക്കുന്ന സമ്പ്രദായം തമിഴ്നാട്ടിലുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ തമിഴ് നാട്ടിലെ എല്ലാ സ്കൂളുകളിലും പത്താം ക്ലാസിലെ പൊതുപരീക്ഷയിൽ തമിഴ് ഭാഷാ പരീക്ഷ നിർബന്ധമായും എഴുതണം. ന്യൂനപക്ഷ സ്കൂളുകൾക്കും ഇത് ബാധകമാണ്. ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷ സ്‌കൂൾ വിദ്യാർഥികളെ തമിഴ് ഭാഷാ പരീക്ഷ എഴുതുന്നതിൽ നിന്ന് ഒഴിവാക്കി പകരം മാതൃഭാഷയിൽ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തത്.
കേസ് പരിഗണിച്ച സുപ്രീം കോടതിതമിഴ് നിർബന്ധിത വിഷയമാക്കുന്നതിൽ നിന്ന് ഒരു വർഷത്തെ ഇളവു നൽകി. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതിയ ന്യൂനപക്ഷ വിദ്യാർഥികളെ തമിഴ് പരീക്ഷ എഴുതുന്നതിൽ നിന്ന് ഒഴിവാക്കി.
എന്നാൽ ഇന്ന് പത്താം ക്ലാസ്സിലെ എല്ലാ കുട്ടികളും തമിഴ് പരീക്ഷ നിർബന്ധമായും എഴുതണമെന്ന്പരീക്ഷാ വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.















