പാരിസ്: പാരാലിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം സ്വർണ നേട്ടം. പുരുഷൻ ജാവലിൻ ത്രോ F64 വിഭാഗത്തിൽ സുമിത് ആൻ്റിൽ സ്വർണം നേടി. റെക്കോർഡ് ത്രോയോടെയാണ് സുമിത്തിന്റെ സ്വർണനേട്ടം. 70.59 മീറ്റർ ദൂരം എറിഞ്ഞാണ് പാരിസിൽ ഇന്ത്യക്കായി സ്വർണം നേടിയത്.
ഫൈനലിൽ മിന്നും പ്രകടനമാണ് താരം കാഴ്ചവച്ചത്. ആദ്യ ശ്രമത്തിൽ തന്നെ 69.11 മീറ്റർ ദൂരം എറിയാൻ സാധിച്ചു. തൊട്ടുപിന്നാലെ 70 മീറ്റർ ദൂരം പിന്നിട്ടതോടെ പാരാലിമ്പിക്സ് ചരിത്രത്തിലെ റെക്കോർഡ് പിറവിയെടുത്തു. മൂന്നാം ത്രോയിൽ 66.66 മീറ്റർ ദൂരവും സുമിത് താണ്ടി. നാലാം ശ്രമത്തിൽ 69.04 മീറ്റർ, അഞ്ചാമത് 66.57 മീറ്റർ എന്നിങ്ങനെയായിരുന്നു ത്രോ. ശ്രീലങ്കയുടെ ദുലൻ കൊടിത്തുവാക്കു 67.03 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ ഉറപ്പിച്ചപ്പോൾ മിഷാൽ ബുറിയൻ 64.89 മീറ്റർ എറിഞ്ഞ് വെങ്കലം നേടി.
ഹരിയാനയിലെ സോനിപത്ത് സ്വദേശിയാണ് 26-കാരനായ സുമിത് ആൻ്റിൽ. ടോക്കിയോയിലും താരം ഇന്ത്യക്കായി സ്വർണം നേടിയിരുന്നു. അന്ന് 68.55 മീറ്റർ എന്ന റെക്കോർഡോടെയായിരുന്നു. 73.29 മീറ്ററാണ് ആൻ്റിലിന്റെ ലോക റെക്കോർഡ്.
പാരാലിമ്പിക്സിൽ ഇന്ത്യക്ക് ഇതുവരെ 14 മെഡലുകളായി. മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവും ഇന്ത്യ ഇതുവരെ നേടി. മെഡൽ പട്ടികയിൽ 14-ാം സ്ഥാനത്താണ് ഇന്ത്യ. 42 സ്വർണം ഉൾപ്പടെ 85 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്.















