ന്യൂഡൽഹി: ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസിയിലും, ഇന്തോ പസഫിക് വിഷനിലും ബ്രൂണെയും സിംഗപ്പൂരും പ്രധാന പങ്കാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളിലേക്കുമുള്ള സന്ദർശനത്തിലൂടെ ബന്ധം ശക്തിപ്പെടും എന്നതിൽ ആത്മവിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രൂണെ, സിംഗപ്പൂർ സന്ദർശനത്തിന് ഇന്നാണ് തുടക്കമാകുന്നത്. ഇന്നും നാളെയും ബ്രൂണെയിലും അഞ്ചാം തിയതി സിംഗപ്പൂരിലും അദ്ദേഹം സന്ദർശനം നടത്തും.
ഇരു രാജ്യങ്ങളിലും നടത്തുന്ന സന്ദർശനത്തിലൂടെ ഇന്ത്യയുമായുള്ള അവരുടെ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ബ്രൂണെയിൽ ഒരു ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 40ാം വാർഷികത്തിലാണ് ഈ സന്ദർശനം എന്നതാണ് മറ്റൊരു പ്രത്യേകത.
ബ്രൂണെയിൽ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുമായും മറ്റ് രാജകുടുംബാംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ചരിത്രപരമായ ഈ ബന്ധത്തെ മറ്റൊരു തലത്തിലേക്ക് ഉയരുകയാണെന്നും പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ബ്രൂണെ സന്ദർശനത്തിന് ശേഷം സിംഗപ്പൂരിലെത്തുന്ന അദ്ദേഹം പ്രസിഡന്റ് തർമൻ ഷൺമുഖരത്‌നം, പ്രധാനമന്ത്രി ലോറൻസ് വോങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.















