തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനും പൊലീസ് സേനയ്‌ക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ഭരണകക്ഷി എംഎൽഎ പി.വി അൻവർ ഉന്നയിച്ച അതിഗുരുതര ആരോപണങ്ങളിൽ പ്രതികരിച്ച് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഉപ്പ് തിന്നവർ ആരായാലും വെള്ളം കുടിക്കുമെന്നായിരുന്നു റിയാസിന്റെ മറുപടി. തെറ്റ് ചെയ്തവർ ആരായാലും നടപടിയുണ്ടാകും, എത്ര ഉന്നതനായാലും നടപടിയെടുക്കും. പുഴുക്കുത്തുകൾ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് അതുകൊണ്ടാണ്.
തെറ്റിനോട് സന്ധി ഇല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ഇടതുപക്ഷ സർക്കാർ വരുന്നതിന് മുൻപ് കേരളത്തിലെ പൊലീസിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് ജനങ്ങൾക്കറിയാം. 2016ന് മുൻപ് വർഗീയ കലാപങ്ങൾക്ക് കക്ഷി ചേരുന്നവരായിരുന്നു കേരളത്തിലെ പൊലീസ്. എന്നാൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജനകീയ പൊലീസായി. എന്നാൽ മുഖ്യമന്ത്രി പറഞ്ഞതുപോലെ ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. ഇക്കാര്യം പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ഇടതുപക്ഷ സർക്കാരാണ്. തെറ്റിനോട് ഒരുതരത്തിലുള്ള ഒത്തുതീർപ്പും നടത്തില്ല. – മുഹമ്മദ് റിയാസ് പറഞ്ഞു.