ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും നരഭോജി ചെന്നായയുടെ ആക്രമണത്തിൽ 5 വയസുകാരിക്ക് പരിക്ക്. ഇന്നലെ രാത്രി വീട്ടിൽ കയറിയാണ് കുട്ടിയെ ചെന്നായ ആക്രമിച്ചത്. ഉത്തർപ്രദേശ് ബഹ്‌റയിച്ചി മേഖലയിലാണ് സംഭവം.
മുത്തശ്ശിക്കൊപ്പം ഉറങ്ങിയിരുന്ന കുഞ്ഞിനെ ചെന്നായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെയും മുത്തശ്ശിയുടെയും കരച്ചിൽ കേട്ട് ബന്ധുക്കളും അയൽവാസികളും എത്തിയതോടെ ചെന്നായയുടെ ആക്രമണത്തിൽ നിന്നും കുട്ടിയെ രക്ഷിക്കാനായി. ചെന്നായയെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ അഞ്ച് വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.
ഒന്നര മാസത്തിനിടെ ഉത്തർപ്രദേശിൽ ചെന്നായ ആക്രമണത്തിൽ 8 കുട്ടികളും ഒരു സ്ത്രീയുമുൾപ്പെടെ 9 പേരാണ് കൊല്ലപ്പെട്ടത്. 6 ചെന്നായകളിൽ നാല് ചെന്നായകളെ വനംവകുപ്പ് പിടികൂടിയിരുന്നു. മറ്റ് രണ്ട് ചെന്നായകളെ പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.
ചെന്നായകൾ കുട്ടികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അതിനാൽ വലിയ പാവകളിൽ കുട്ടികളുടെ മൂത്രം തളിച്ചും, വസ്ത്രം ധരിപ്പിച്ചും ചെന്നായകളെ കെണിയിൽ വീഴ്‌ത്താനുള്ള ശ്രമം തുടരുകയാണെന്നും വൈകാതെ ഇവയെ പിടികൂടുമെന്നും വനംവകുപ്പ് അറിയിച്ചു.















