സന്തോഷം, വിഷമം, ദേഷ്യം തുടങ്ങി മനുഷ്യ വികാരങ്ങൾ ഏറെയാണ്. മനുഷ്യരെയും മൃഗങ്ങളെയും തമ്മിൽ വ്യത്യസ്തമാക്കുന്നതും ഇത്തരം വികാരങ്ങൾ തന്നെയാണ്. മനുഷ്യരെ പോലെ മൃഗങ്ങൾക്കിടയിൽ ഇത്തരത്തിൽ എല്ലാ വികാരങ്ങളും ഏറെ പ്രകടമാവില്ലെങ്കിലും പല മൃഗങ്ങളും അവരുടെ പ്രസന്നമായ രൂപം കൊണ്ടോ അല്ലെങ്കിൽ അവയുടെ പെരുമാറ്റ രീതി കൊണ്ടോ സന്തുഷ്ടരായി കണക്കാക്കപ്പെടുന്നു. ലോകത്തിലെ സന്തുഷ്ടരായ മൃഗങ്ങളെ അറിയാം..
ക്വോക്ക

ലോകത്തിലെ ഏറ്റവും ഹാപ്പിയായ ജീവി എന്ന വിശേഷണം സ്വന്തമായുള്ളവരാണ് പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ക്വോക്ക. ചെറിയ ജീവികളാണ് ഇവ. പരമാവധി ഒരു പൂച്ചയുടെ അത്ര വലിപ്പം മാത്രമാണ് ഇവയ്‌ക്കുള്ളത്. ഇതിനുപുറമെ സൗഹൃദപരമായ പെരുമാറ്റ സവിശേഷതകളും ഇവയെ മറ്റ് മൃഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
ഡോൾഫിൻ

വളരെ ബുദ്ധിശാലികളായ സസ്തനികളാണ് ഡോൾഫിനുകൾ. മനുഷ്യരോട് പെട്ടന്ന് ഇണങ്ങുന്നതിനാൽ തന്നെ ഇവയെ ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ മൃഗങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നു. ഈ സസ്തനികളുടെ കുസൃതി നിറഞ്ഞ കളികളും പെരുമാറ്റ രീതിയും മുഖത്തുള്ള പ്രസന്നതയുമാണ് ഇവ സന്തുഷ്ടരായ മൃഗങ്ങളാണെന്ന് ആളുകൾ പറയാൻ കാരണം.
കരടികൾ

സന്തോഷകരമായ പെരുമാറ്റ രീതികൾ പലപ്പോഴും പ്രകടിപ്പിക്കുന്ന മൃഗങ്ങളിലൊന്നാണ് കരടികൾ. തേൻ കാണുമ്പോഴും മീനുകളെ കാണുമ്പോഴും ഇവ സന്തോഷം പ്രകടിപ്പിക്കുന്ന തരത്തിൽ പെരുമാറാറുണ്ട്. മരങ്ങളിൽ കയറി കളിക്കുന്ന സമയത്തും ഇവരെ വളരെയധികം സന്തോഷത്തോടെ കാണാൻ സാധിക്കുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.















