ന്യൂഡൽഹി: അറബിക്കടലിൽ അടിയന്തര ലാൻഡിംഗ് നടത്തിയ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരെ കാണാതായി. ഗുജറാത്തിലെ പോർബന്തർ മേഖലയിലായിരുന്നു സംഭവം.
രണ്ട് പൈലറ്റുമാരടക്കം നാല് പേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇവരിൽ ഒരാളെ രക്ഷപ്പെടുത്തിയതായും മറ്റ് മൂന്ന് പേർക്കായുള്ള തെരച്ചിൽ നടത്തുകയാണെന്നും അധികൃതർ അറിയിച്ചു.
എണ്ണ ടാങ്കറായ എംടി ഹരിലീലയുടെ സമീപത്തേക്ക് രക്ഷാപ്രവർത്തനത്തിനായി പോവുന്നതിനിടെയാണ് സംഭവം. പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകുന്നതിനായി പോവുന്നതിനിടെ ഹെലികോപ്റ്റർ അടിയന്തരമായി കടലിൽ ലാൻഡ് ചെയ്യുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.
കടലിൽ നിന്നും ഹെലികോപ്റ്റർ കണ്ടെത്തിയതായി തീരസംരക്ഷണ സേന അറിയിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.