തൃശൂർ: എഡിജിപി എം.ആർ അജിത്കുമാർ രണ്ടാം ശിവശങ്കരനാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണം. ശിവശങ്കരനെയും അജിത് കുമാറിനെയും മുഖ്യമന്ത്രിയെയും കൊണ്ട് തെറ്റ് ചെയ്യിപ്പിച്ച ശക്തിയെക്കുറിച്ച് അന്വേഷണം വേണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സിപിഎം ജില്ലാ സെക്രട്ടറിയുടെ തെറ്റ് സംസ്ഥാന സെക്രട്ടറിയെ കൊണ്ട് അന്വേഷിപ്പിക്കുന്നതുപോലെയാണ് ഇപ്പോഴത്തെ അന്വേഷണം. കേസന്വേഷിക്കുന്ന അഞ്ചംഗ സംഘത്തിന്റെ അവസാന കണ്ണിയാക്കി മുഖ്യമന്ത്രിയെ മാറ്റും. താൻ തന്നെ അന്വേഷിച്ചാൽ മതിയെന്ന മുഖ്യമന്ത്രിയുടെ നയം മാറ്റണം. നയം മാറ്റിയില്ലെങ്കിൽ മാർക്സിസ്റ്റ് പാർട്ടിയുടെ അന്തക വിത്തായി പിണറായി വിജയൻ മാറും.
കേരളത്തിലെ കള്ളക്കടത്ത് മാഫിയാ സംഘത്തിന്റെ തലവൻ മുഖ്യമന്ത്രിയാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഭരണം നിയന്ത്രിക്കുന്നത് ആരാണെന്ന് അറിയാൻ പൊതുസമൂഹത്തിന് താത്പര്യമുണ്ട്.
പിവി അൻവറിനെതിരെയും അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ അടക്കം ഫോൺ ചോർത്തലിന് എംആർ അജിത്കുമാർ നേതൃത്വം നൽകിയെന്ന വിവരം അൻവറിന് എങ്ങനെയാണ് മനസിലായതെന്നും ഇക്കാര്യങ്ങൾ എംഎൽയെ ആരാണ് ബോധ്യപ്പെടുത്തിയതെന്നും പൊതുസമൂഹം അറിയണം. ഇതിനകത്ത് നിരവധി ഗൂഢാലോചനകൾ നടന്നിട്ടുണ്ട്. അത് പുറത്തുവരണം. നാട് നന്നാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പിവി അൻവർ ഇതെല്ലാം വെളിപ്പെടുത്തിയതെങ്കിൽ ഒരു ടിക്കറ്റെടുത്ത് ഡൽഹിയിലേക്ക് പോകണം. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയെ കണ്ട് വിവരങ്ങൾ ധരിപ്പിക്കാൻ തയ്യാറാവണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.















