തിരുവനന്തപുരം: പൊലീസ് സേനയ്‌ക്ക് എതിരെയും ആഭ്യന്തര വകുപ്പിനെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ഭരണകക്ഷി എംഎൽഎ പി.വി അൻവർ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ഒടുവിൽ ജലരേഖയാകുന്നു. കടുത്ത നിലപാടുകളുമായി മുന്നോട്ടുവന്ന പി.വി അൻവർ, ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതോടെ പത്തിമടക്കി. ഇനി മുഖ്യമന്ത്രിയും പാർട്ടിയും ചേർന്ന് കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നും തന്റെ ഉത്തരവാദിത്വം പൂർത്തിയായെന്നുമുള്ള പ്രതികരണമാണ് ഇപ്പോൾ പിവി അൻവർ നടത്തുന്നത്.
എഡിജിപിയെ ദാവൂദ് ഇബ്രാഹിമിനോട് ഉപമിച്ച പിവി അൻവർ മുൻ നിലപാടുകളിൽ നിന്നെല്ലാം പിന്നോട്ട് പോയി. ആരോപണ വിധേയനായ എംആർ അജിത് കുമാറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്തുന്നതല്ലേ ധാർമികതയെന്ന ചോദ്യത്തിന് പോലും എംഎൽഎ അൻവറിന് ഇപ്പോൾ മറുപടിയില്ല. എഡിജിപിയെ മാറ്റുന്ന കാര്യമൊക്കെ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എഡിജിപിയെ മാറ്റണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു എംഎൽഎയുടെ പ്രതികരണം.
“സിപിഎമ്മിന്റെ ഏറ്റവും ഉത്തരവാദിത്വപ്പെട്ട സഖാവായ മുഖ്യമന്ത്രിക്ക് പരാതി കൈമാറി. എന്റെ ഉത്തരവാദിത്വം ഞാൻ നിറവേറ്റി. ഇനി പാർട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കും. സഖാവെന്ന നിലയ്‌ക്ക് എനിക്ക് വിശ്വാസമുണ്ട്. പൊലീസിലെ ഒരു വിഭാഗം സർക്കാരിന് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ചില പുഴുകുത്തുകൾ തുറന്നു കാട്ടുകയാണ് ഞാൻ ചെയ്തത്. പൊലീസിലെ അഴിമതിയാണ് ചൂണ്ടിക്കാട്ടിയത്. ഇനി അന്വേഷണ ഏജൻസിയുമായി സഹകരിക്കും. എനിക്ക് പിന്നിൽ മറ്റാരുമില്ല, സർവശക്തനായ ദൈവം മാത്രമാണ്.:- അൻവർ പറഞ്ഞുനിർത്തി.
ഇന്നലെ വരെ ആരോപിച്ച കാര്യങ്ങളെല്ലാം ഒറ്റയടിക്ക് മറന്നുകൊണ്ടായിരുന്നു എംഎൽഎയുടെ പ്രതികരണം. അരമണിക്കൂർ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ മുഖ്യമന്ത്രിക്കും പാർട്ടിക്കും അൻവർ എംഎൽഎ വഴങ്ങിയെന്നാണ് വിലയിരുത്തൽ.
ഗുരുതര ആരോപണങ്ങൾ മുന്നോട്ടുവച്ച അൻവർ എംഎൽഎയുടെ ഉദ്ദേശ്യം നാടുനന്നാക്കൽ അല്ലായിരുന്നുവെന്നും, കുറ്റക്കാരെ നിയമനടപടിക്ക് വിധേയരാക്കണമെന്ന പൊതുപ്രവർത്തകന്റെ മനോഭാവമല്ലായിരുന്നുവെന്നും ഇതോടെ തെളിഞ്ഞിരിക്കുകയാണ്. അൻവറിന്റെ കാതലായ പ്രശ്നം മറ്റെന്തോ ആയിരുന്നുവെന്നും അതിന് പരിഹാരം / ഒത്തുതീർപ്പ് / പരിശോധന മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ലഭിച്ചതോടെ ആരോപണങ്ങളിൽ നിന്ന് അൻവർ പിന്നോട്ട് പോയെന്നുമാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അൻവർ സൗമ്യനായിട്ടായിരുന്നു തിരിച്ചുവന്നത്. അൻവറിന്റെ ആവശ്യങ്ങളിൽ ഒത്തുതീർപ്പ് ഉണ്ടായെന്ന വ്യക്തമായ സൂചനയായിരുന്നു എംഎൽഎയുടെ പെരുമാറ്റശൈലി. എന്തിന് വേണ്ടിയായിരുന്നോ ഗുരുതര ആരോപണങ്ങളുന്നയിച്ച് അൻവർ എംഎൽഎ രംഗത്തെത്തിയത് ആ ആവശ്യത്തിന് മുഖ്യമന്ത്രി തലകുലുക്കിയെന്നും കേരളത്തിന് ബോധ്യപ്പെട്ടിരിക്കുകയാണ്.